
വത്തിക്കാന്‍ സിറ്റി: വേദനകളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന മാറാരോഗികളായ കുട്ടികളുടെ ചിരി ദൈവരാജ്യത്തിന്റെ സാക്ഷ്യമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. മാറാരോഗികളായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രോഗികളായ കുഞ്ഞുങ്ങളുടെ ദുര്‍ബലമായ ശരീരങ്ങള്‍ ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് പാപ്പയുടെ പ്രാര്‍ത്ഥനയില്‍ പറയുന്നു. എല്ലാ തളര്‍ച്ചയുടെയും അരക്ഷിതത്വത്തിന്റെയും നടുവിലും അവരുടെ കുടുംബങ്ങളെ പ്രത്യാശയില്‍ നിലനിര്‍ത്താനും പരീക്ഷകളിലൂടെ ശക്തി പ്രാപിക്കുന്ന വിശ്വാസത്തിന്റെ സാക്ഷികളായി അവര്‍ മാറുന്നതിനുവേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പരിചരിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച പാപ്പ, അവരുടെ ശുശ്രൂഷകള്‍ എപ്പോഴും കാരുണ്യം നിറഞ്ഞതായി മാറുന്നതിനും ആര്‍ദ്രതയോടെയും ക്ഷമയോടെയും എപ്പോഴും ശുശ്രൂഷ ചെയ്യുവാന്‍ അവര്‍ക്ക് സാധിക്കുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിച്ചു. ആശ്വാസത്തിന്റെ സ്രോതസും പ്രത്യാശയുടെ വിത്തും പുതജീവിതത്തിന്റെ പ്രഘോഷണവുമായി സഭ മാറുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത്.