
വിയാന/അംഗോള: അംഗോളയിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ വിയാന രൂപതയിലെ മുക്‌സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാല പുതിയ റെക്കോര്‍ഡാകും. ഏകദേശം 20 ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപമാലയ്ക്ക് നേതൃത്വം നല്‍കുന്ന പാപ്പ രാജ്യത്തെ മുക്‌സിമ മാതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രം ആദ്യമായാണ് ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.
ലുവാണ്ടയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് മുക്‌സിമ മാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. അംഗോളയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായും ആരാധനാലയമായും ഈ ദേവാലയം കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും, ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമുള്‍പ്പടെ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. പ്രാദേശിക കിംബുണ്ടു ഭാഷയില്‍, ‘മുക്‌സിമ മാതാവ്’ എന്നാല്‍ ഹൃദയത്തിന്റെ മാതാവ് എന്നാണര്‍ത്ഥം. 1599-ല്‍ പോര്‍ച്ചുഗീസുകാരാണ് മുക്‌സിമ മാതാവിന്റെ തീര്‍ത്ഥാടകേന്ദ്രം സ്ഥാപിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ പാപ്പ നേതൃത്വം നല്‍കുന്ന ഈ ജപമാല ഒരു ആത്മീയ വഴിത്തിരിവാകുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മിപിന്‍ഡി ലുബന്‍സാഡിയോ ആല്‍ബര്‍ട്ടോ പറഞ്ഞു. ഇത് അംഗോളന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ആലേഖനം ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

