
വത്തിക്കാന്‍ സിറ്റി: വിഭൂതി ദിനത്തില്‍ നെറ്റിയില്‍ പൂശിയ ചാരം, യുദ്ധത്തില്‍ വെണ്ണീറായ നഗരങ്ങളുടെയും, ലംഘിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും, നീതിയുടെയും ഭാരം പേറുന്നുണ്ടെന്ന് ലിയോ 14-ാമന്‍ പാപ്പ. റോമിലെ സാന്താ സബീന ബസിലിക്കയില്‍ വിഭൂതി തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഒരു സമൂഹമെന്ന നിലയില്‍ സഭ നവീകരിക്കപ്പെടുന്ന കാലമായി നോമ്പുകാലത്തെ മനസിലാക്കണമെന്ന് പാപ്പ പറഞ്ഞു. പാപത്തിന് വ്യക്തിപരമായ തലമുണ്ടെങ്കിലും സാമ്പത്തിക, രാഷ്ട്രീയ, ഡിജിറ്റല്‍ മേഖലകളില്‍ മുതല്‍ ആത്മീയ മേഖലകളില്‍വരെ പാപത്തിന്റെ ചട്ടക്കൂടുകളുണ്ട്. ഈ നോമ്പുകാലത്ത് അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും പാപത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
സഭയുടെയും സമൂഹത്തിന്റെയും തെറ്റുകള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്ന് യുവജനങ്ങള്‍ തിരിച്ചറിയുന്നതായി പാപ്പ പറഞ്ഞു. നോമ്പുകാലത്തെ ഒരു സ്വാകാര്യ അനുഷ്ഠാനമായി മാറ്റാതെ ജീവിതം നവീകരിക്കാന്‍ ആഗ്രഹിക്കുന്നവരിലേക്ക് നോമ്പിന്റെ ചൈതന്യം എത്തിക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
റോമിലെ അവെന്റൈന്‍ ഹില്ലില്‍ നടന്ന പരമ്പരാഗതമായ അനുതാപ പ്രദക്ഷിണത്തിന് മാര്‍പാപ്പ നേതൃത്വം നല്‍കി. വൈദികരും വിശ്വാസികളും പങ്കെടുത്ത പ്രദക്ഷിണം സാന്താ സബീന ബസിലിക്കയില്‍ അവസാനിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ വിശ്വാസികളുടെ തലയില്‍ ചാരം പൂശി നോമ്പുകാലത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചു.