
യാവൂണ്ടോ/കാമറൂണ്‍: കാമറൂണിലെ യാവുണ്ടേയിലുള്ള ‘നഗുല്‍ സാംബ’ അനാഥാലയത്തിലെ കുട്ടികളെ പിതാവിന്റെ വാത്സല്യത്തോടെ ഹൃദയത്തോട് ചേര്‍ത്ത് മാര്‍പാപ്പ. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തതിന്റെ മുറിവുകള്‍ പേറുന്ന കുരുന്നുകളുടെ ഇടയിലേക്ക് പാപ്പ നടത്തിയ സന്ദര്‍ശനം, കരുണയുടെയും സ്നേഹത്തിന്റെയും അലയൊലികള്‍ തീര്‍ത്ത പുണ്യനിമിഷങ്ങളായി.
ക്ലേശങ്ങളുടെ ചരിത്രം പേറുന്ന സഹോദരങ്ങളുടെ കുടുംബമാണിതെന്നും ഈ കുടുംബത്തിലെ ഏറ്റവും മൂത്ത സഹോദരന്‍ യേശുവാണെന്നും പാപ്പ പറഞ്ഞു. ‘പിതാവായ ദൈവമാണ് നിങ്ങളെ ഇവിടേക്ക് സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നത്. അവിടുന്ന് നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ നാമത്തില്‍ ഞാനും അത് തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്നു,’ കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ടുള്ള പാപ്പയുടെ വാക്കുകള്‍ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലായി മാറി.
മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാടിന്റെ വേദനയും, ഭയവും, നിരാകരണവും അനിശ്ചിതത്വവും അനുഭവിച്ചിട്ടുള്ളവരാണ് അവിടെയുള്ള കൂട്ടികളെന്ന് പാപ്പ നിരീക്ഷിച്ചു. എന്നാല്‍ ഈ മുറിവുകളുടെ അപ്പുറത്ത് ശുഭമായ ഭാവി നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ഒരു വാഗ്ദാനത്തിന്റെ വാഹകരാണ്. എവിടെ ദുരിതവും ക്ലേശങ്ങളും അനീതിയുമുണ്ടോ അവിടെ ദൈവം സന്നിഹിതനാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സമൂഹമാണ് 40 വര്‍ഷമായി ദൈവത്തിന്റെ ശക്തി എന്നര്‍ത്ഥം വരുന്ന ‘നഗുല്‍ സാംബ’ എന്ന പേരിലുള്ള ഈ അനാഥാലയം നടത്തുന്നുത്. ദരിദ്രരും അനാഥരുമായ കുഞ്ഞുങ്ങള്‍ക്ക് ഇവിടെ താമസവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി വരുന്നു. കുട്ടികളെ പരിപാലിക്കുന്ന സിസ്റ്റര്‍മാരുടെയും വോളന്റിയര്‍മാരുടെയും സമര്‍പ്പണം ദൈവകാരുണ്യത്തിന്റെ പ്രതിഫലനമാണെന്ന് പാപ്പ പറഞ്ഞു.
പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് എല്ലാവരെയും ഭരമേല്‍പ്പിച്ച പാപ്പ യേശുവിന്റെ കൂട്ടുകാരായി വളരാന്‍ മറിയം എല്ലാവരെയും സഹായിക്കട്ടെ എന്ന് ആശംസിച്ചു. ‘എവിടെ ദുരിതവും അനീതിയും ഉണ്ടോ, അവിടെ ദൈവമുണ്ട്’ എന്ന പാപ്പയുടെ വാക്കുകള്‍, കാമറൂണിലെ ആ അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പം ലോകത്തിന് മുഴുവന്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നു.

