
പോംപൈ: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് പോംപൈ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണെന്നും (മെയ് 8), അതിനാല്‍ തന്റെ ശുശ്രൂഷ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കാനാണ് പോംപൈയിലെ പരിശുദ്ധ ജപമാല നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയതെന്നും ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപൈയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
‘ലിയോ’ എന്ന പേര് സ്വീകരിച്ചതിലൂടെ ജപമാലയെക്കുറിച്ച് ആഴത്തിലുള്ള പ്രബോധനങ്ങള്‍ ചിട്ടപ്പെടുത്തിയ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പാതയടികള്‍ താന്‍ പിന്തുടരുകയാണെന്ന് പാപ്പ പറഞ്ഞു. ജപമാല പ്രാര്‍ത്ഥന സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്ന് പാപ്പ പറഞ്ഞു. ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ പ്രതിധ്വനിയാണ് ആവര്‍ത്തിച്ച് ചൊല്ലുന്ന ഒരു ജപമണികളിലൂടെയും മുഴങ്ങുന്നത്. ഇത് മറിയത്തിന്റെ ഹൃദയത്തിലൂടെ യേശുവിനെ കാണാന്‍ വിശ്വാസികളെ സഹായിക്കുന്നു. ജപമാലയ്ക്ക് ഒരു മരിയന്‍ രൂപമുണ്ടെങ്കിലും അതിന്റെ ഹൃദയം ക്രിസ്തു കേന്ദ്രീകൃതവും വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടതുമാണെന്ന് പാപ്പ പറഞ്ഞു. ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് ലിയോ പതിനാലാമന്‍ പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
എ.ഡി. 79-ല്‍ വെസൂവിയസ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ പുരാതന നഗരമാണ് പോംപൈ. 19-ാം നൂറ്റാണ്ടില്‍ വിശുദ്ധ ബാര്‍ട്ടലോ ലോംഗോയും ഭാര്യയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ, കേന്ദ്രീകരിച്ചാണ് ആധുനിക മരിയന്‍ നഗരമായ പോംപൈ വളര്‍ന്നു വന്നത്.

