
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി കുറിച്ചുകൊണ്ട്, വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നിന ബെനഡിക്റ്റ ക്രാപിച്ചിനെ (Sr. Nina Benedikta Krapić ) വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. മാര്‍ച്ച് 1 മുതല്‍ നിലവിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ മുറെയ്ക്ക് പകരമായി സിസ്റ്റര്‍ ക്രാപിച്ച് ചുമതലയേല്‍ക്കും. ക്രൊയേഷ്യന്‍ സ്വദേശിനിയായ സിസ്റ്റര്‍ ക്രാപിച്ച്, നിയമവിദഗ്ധയും പത്രപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാല അനുഭവസമ്പത്തുള്ള വ്യക്തിയുമാണ്.
വത്തിക്കാന്‍ വാര്‍ത്താവിനിമയ വകുപ്പിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏഴുവര്‍ഷത്തോളം ക്രിസ്റ്റ്യന്‍ മുറെ നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ക്കും ശേഷമാണ് ഈ മാറ്റം. 1989-ല്‍ ക്രൊയേഷ്യയിലെ റിജേക്കയില്‍ ജനിച്ച സിസ്റ്റര്‍ ക്രാപിച്ച്, റിജേക്ക സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സാഗ്രെബ് സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ സ്‌പെഷ്യലൈസേഷനും നേടിയിട്ടുണ്ട്. സഭയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ തന്റെ പ്രാഗത്ഭ്യം ഇതിനോടകം തെളിയിച്ച സിസ്റ്റര്‍, നിലവില്‍ വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.