ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു

Pedro Ballester canonisation process

മാഞ്ചസ്റ്റര്‍: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ പോലെ ഈ കാലഘട്ടത്തില്‍ ജീവിച്ച് യുവജനങ്ങള്‍ക്ക് മാതൃകയായ പെഡ്രോ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു. അസ്ഥിക്ക് കാന്‍സര്‍ രോഗം ബാധിച്ച് 21-ാം വയസ്സില്‍ അന്തരിച്ച പെഡ്രോയുടെ നാമകരണ നടപടികള്‍ക്ക് യുകെയിലെ സാല്‍ഫോര്‍ഡ് രൂപതയാണ് തുടക്കം കുറിച്ചത്. കഷ്ടപ്പാടുകളെയും രോഗങ്ങളെയും ദൈവവിശ്വാസത്തോടെ എങ്ങനെ നേരിടാമെന്ന് കാണിച്ചുതന്ന പെഡ്രോയുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണെന്ന് സാല്‍ഫോര്‍ഡ് രൂപത പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

1996-ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച പെഡ്രോ ബാല്ലെസ്റ്റര്‍, ‘ഒപ്പസ് ദേയി’ എന്ന കത്തോലിക്കാ കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു. ഈ കൂട്ടായ്മയിലെ ‘ന്യൂമററി’ അംഗമായിക്കൊണ്ട് ജീവിതകാലം മുഴുവന്‍ ബ്രഹ്‌മചര്യം പാലിച്ചുകൊണ്ട് അനുദിനജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊള്ളാമെന്ന് 2013-ല്‍ പെഡ്രോ പ്രതിജ്ഞയെടുത്തു.

ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്താണ് പെഡ്രോയ്ക്ക് കഠിനമായ നടുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.രോഗനിര്‍ണയത്തിന് ശേഷമുള്ള മൂന്ന് വര്‍ഷക്കാലം കഠിനമായ ശാരീരിക വേദനകളിലൂടെയാണ് പെഡ്രോ കടന്നുപോയത്. എന്നാല്‍, തന്നെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് പെഡ്രോ ആ വേദനകള്‍ക്കിടയിലും ശ്രമിച്ചത്.

ചില സമയങ്ങളില്‍ കഠിനമായ ശാരീരിക വേദനകള്‍ പെഡ്രോയെ തളര്‍ത്തി. അവന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്ത അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏതൊരു സാധാരണ മനുഷ്യനെയും പോലെ ആ ഉയര്‍ച്ചതാഴ്ചകളെയെല്ലാം പെഡ്രോ നേരിട്ടു. മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിനോട് ‘ഞാന്‍ ഇതിന് മുന്‍പ് ഒരിക്കലും ഇത്രയധികം സന്തോഷവാനായിരുന്നിട്ടില്ല’ എന്നാണ് പെഡ്രോ പറഞ്ഞത്. ക്രൂശിതനായ ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ സ്വീകരിക്കാന്‍ പെഡ്രോയുടെ ജീവിതം യുവാക്കളെ പഠിപ്പിക്കുന്നു. കഠിനമായ വേദനകള്‍ക്കിടയിലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ പെഡ്രോയ്ക്ക് സാധിച്ചു.

2018 ജനുവരി 13-നാണ് പെഡ്രോ ഈ ലോകത്തോട് വിടപറഞ്ഞത്. മരണശേഷം പെഡ്രോയുടെ മധ്യസ്ഥതയിലൂടെ ഒട്ടനവധി അത്ഭുതങ്ങളും രോഗശാന്തികളും നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ പക്ഷാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സര്‍ജറിക്ക് വിധേയയാക്കിയ ‘ബ്ലാങ്ക’ എന്ന 15 വയസുകാരി പെണ്‍കുട്ടി പെഡ്രോയുടെ മധ്യസ്ഥതയിലൂടെ പൂര്‍ണ രോഗമുക്തി നേടിയത് ഇതിലൊന്നാണ്. പെഡ്രോയുടെ നാമകരണനടപടികളുടെ ഭാഗമായി 60-ലധികം സാക്ഷികളെ രൂപതാ അധികൃതര്‍ ഇതിനകം അഭിമുഖം നടത്തിക്കഴിഞ്ഞു. രൂപതാ തലത്തിലുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം ഈ റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്റെ നാമകരണ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.