
‘ടെല്‍ഹസി/യുഎസ്എ: അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 2026-ലെ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥയാത്ര ഇന്ന് (മെയ് 24-ന്) ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നും ആരംഭിക്കും. ‘ദൈവത്തിന് കീഴില്‍ ഒരൊറ്റ ജനത’ എന്നതാണ് ഈ വര്‍ഷത്തെ ആത്മീയ യാത്രയുടെ മുഖ്യ പ്രമേയം.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായി കത്തോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട സെന്റ് അഗസ്റ്റിനില്‍ നിന്ന് ആരംഭിക്കുന്ന 2000-ത്തിലധികം മൈലുകള്‍ ദൈര്‍ഘ്യമുള്ള ഈ ആത്മീയ യാത്ര, അമേരിക്കന്‍ മണ്ണിലെ കത്തോലിക്കാ പൈതൃകത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും പ്രഖ്യാപനം കൂടെയായി മാറും.
നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജേസണ്‍ ഷാങ്ക്‌സ്, സെന്റ് അഗസ്റ്റിന്‍ ബിഷപ് എറിക് പോള്‍മെയര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വചനസന്ദേശം നല്‍കും. മുഴുവന്‍ ദൂരവും വിശുദ്ധ കുര്‍ബാനയെ അനുഗമിച്ച് കാല്‍നടയായി യാത്ര ചെയ്യുന്ന ഒന്‍പത് സ്ഥിരം തീര്‍ത്ഥാടകരുംചടങ്ങിന്റെ ഭാഗമാകും. യുഎസ് പൗരത്വമുള്ള ആദ്യ വിശുദ്ധയായ വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനിയുടെ പേരിലുള്ള ‘കാബ്രിനി റൂട്ട്’ അമേരിക്ക രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യത്തെ 13 കോളനികളിലൂടെയാണ് കടന്നുപോകുന്നത്. നഗരങ്ങളിലെ വലിയ ദേവാലയങ്ങള്‍ മുതല്‍ ഗ്രാമങ്ങളിലെ ചെറിയ ഇടവകകള്‍ വരെ ഉള്‍പ്പെടുന്ന ഈ പദയാത്രയില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

