
കാണ്ഡ്വ: മധ്യപ്രദേശിലെ കാണ്ഡ്വ രൂപതയിലുള്ള പ്രശസ്തമായ കാഞ്ചബൈഡ മാതാ മറിയം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ ഒഴുകിയെത്തി.
നാലുബിഷപ്പുമാരും എഴുപതോളം വൈദികരും ഇരുനൂറോളം സന്യാസിനികളും തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തിരുനാള്‍ ദിനത്തില്‍ ജപമാല ഘോഷയാത്രയോടെ പ്രധാന ചടങ്ങുകള്‍ ആരംഭിച്ചത്. കത്തോലിക്കാ സഭയിലെ അഞ്ഞൂറോളം വിശുദ്ധരുടെ തിരുശേഷി പ്പുകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പോരുന്നേടം ഉദ്ഘാടനം ചെയ്തു.
നാഗ്പൂര്‍ പ്രഭു പ്രകാശ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ആന്റണി റോസ്വാന്‍ ‘ജീവന്റെ സംരക്ഷണം’ എന്ന വിഷയത്തിലുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ജാബുവ രൂപതാ ബിഷപ് ഡോ. പീറ്റര്‍ റുമല്‍ ഖരാഡി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമരാവതി ബിഷപ് ഡോ. മാല്‍ക്കം സിക്വേര, കാണ്ഡ്വ ബിഷപ് ഡോ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പോരുന്നേടം എന്നിവര്‍ സഹകാ ര്‍മ്മികരായിരുന്നു.
വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ഈ കേന്ദ്രം ഭാരതത്തിലെ പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.