
ബംഗളൂരു: കത്തോലിക്കാ സഭ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഭ ചെയ്തുകൊണ്ടിരിക്കുന്നത് നിസ്തുല സേവനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) സമ്മേളനത്തില്‍ 19 പേരെ ആദരിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്മ.
കത്തോലിക്ക വിശ്വാസിയായതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നു പറഞ്ഞ സാംഗ്മ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ഭയചകിതരാകാതെ ശുശ്രൂഷകള്‍ തുടരണമെന്ന് കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
നാലിന് ആരംഭിച്ച സിബിസിഐ സമ്മേളനം ഇന്ന് (ഫെബ്രുവരി 10) സമാപിക്കും.