
അങ്ങാടിപ്പുറം: ജാതി-മത ചിന്തകള്‍ക്കപ്പുറം സമഭാവനയും സാഹോദര്യവും വളര്‍ത്തുവാന്‍ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പരിയാപുരം ഫാത്തിമ യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുള്ള സമൂഹത്തില്‍ നാം ഒരു കുടുംബം എന്ന ബോധ്യത്തിലേക്ക് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. അസത്യത്തില്‍നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കുമുള്ള യാത്രയാണ് വിദ്യാഭ്യാസം. മാനവികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം; മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുവനീര്‍ പ്രകാശനം, ബ്ലോഗ് ലോഞ്ചിങ്, വായനാ വസന്തം, കുഞ്ഞെഴുത്ത് പ്രകാശനം, സനേഹപ്പെട്ടി തുടങ്ങിയ പരിപാടികള്‍ക്ക് വിശിഷ്ടാതിഥികള്‍ തുടക്കംകുറിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ഫാ. സിജോ പുളിമൂട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ പുലിപ്ര, എഇഒ എം.അമീറ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ആറങ്ങോടന്‍, പഞ്ചായത്ത് അംഗം ഏലിയാമ്മ തോമസ്, പ്രധാനാധ്യാപിക പി.എ.അമ്പിളി, സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ടി.സുമ, ഹെഡ്മാസ്റ്റര്‍ പി.ടി.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.