
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത് അപ്പസ്തോലിക പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയാണെന്നും അത് മാറ്റമില്ലാത്ത കത്തോലിക്കാപ്രബോധനങ്ങളുടെ തുടർച്ചയാണെന്നും ലിയോ പതിനാലാമൻ പാപ്പ. സഭയുടെ ഘടന കേവലം ഭരണപരമായ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെന്നും, ക്രിസ്തുവിൽ നിന്ന് നേരിട്ട് ലഭിച്ച ദൗത്യമാണെന്നും പാപ്പ വ്യക്തമാക്കി.
വത്തിക്കാനിൽ നടന്ന ബുധനാഴ്ചത്തെ പൊതുദർശന വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുവിശേഷാത്മകമായ സ്നേഹത്താൽ ജ്വലിക്കുന്നവരും ധീരരായ മിഷനറിമാരുമായിരിക്കണം വൈദികരെന്ന് പാപ്പ ആഹ്വാനം ചെയ്തു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സുപ്രധാന രേഖയായ ‘ലുമെൻ ജെൻസിയം’ (Lumen Gentium) ആസ്പദമാക്കിയുള്ള പ്രബോധനത്തിൻ്റെ ഭാഗമായാണ് പാപ്പ സഭയുടെ അധികാരശ്രേണിയെക്കുറിച്ച് സംസാരിച്ചത്. സഭയുടെ ഘടന എന്നത് അധികാര പ്രയോഗത്തിനുള്ള വേദിയല്ല, മറിച്ച് ഐക്യത്തിനും ദൗത്യത്തിനും വിശ്വാസികളുടെ വിശുദ്ധീകരണത്തിനുമായി നിലകൊള്ളുന്ന ദൈവികമായ ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയുടെ ജനനം മുതൽക്കേ ഈ അധികാരശ്രേണി സഭയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാവസാനം വരെ ക്രിസ്തു അപ്പസ്തോലന്മാരെ ഏൽപ്പിച്ച രക്ഷാകരമായ ദൗത്യം തടസ്സമില്ലാതെ തുടരുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ക്രിസ്തുവിലൂടെ ലഭിച്ച പ്രബോധനങ്ങൾ കലർപ്പില്ലാതെ സംരക്ഷിക്കാനും സഭയെ നയിക്കാനും വിശുദ്ധീകരിക്കാനും അപ്പസ്തോലന്മാരുടെ പിൻഗാമികളിലൂടെ ഇന്നും സാധിക്കുന്നു.
ക്രിസ്തുവിന്റെ മൗതിക ശരീരത്തിൻ്റെ ജീവനുള്ള തൂണുകളായി അപ്പസ്തോലന്മാരെയാണ് സഭ കാണുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
സഭയിലെ വൈദിക ശുശ്രൂഷ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത് അപ്പസ്തോലിക ദൗത്യത്തിന്റെ തുടർച്ചയായാണ് മനസ്സിലാക്കേണ്ടത്. പന്ത്രണ്ട് അപ്പസ്തോലന്മാരെ ക്രിസ്തു നേരിട്ട് ഏൽപ്പിച്ച ദൗത്യത്തിന്റെ തുടർച്ചയായി, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ‘സാക്ര പൊട്ടസ്റ്റാസ്’ (Sacra Potestas) അഥവാ വിശുദ്ധ അധികാരം നൽകപ്പെടുന്നു. ഇത് സഭയിലെ സേവനത്തിനും അജപാലന ശുശ്രൂഷയ്ക്കുമായി വിനിയോഗിക്കപ്പെടേണ്ട ഒന്നാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
വൈദികർ സഭയിൽ നിർവ്വഹിക്കേണ്ട ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ സംസാരിച്ചു. ആത്മീയമായ ചൈതന്യത്തോടെ വിശ്വാസികളെ നയിക്കാനും സുവിശേഷം ലോകത്തിന്റെ അതിരുകളിലേക്ക് എത്തിക്കാനും വൈദികർക്ക് കഴിയണം. ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകർന്നു നൽകുന്ന ധീരരായ മിഷനറിമാരായി അവർ മാറണമെന്നും ലിയോ പതിനാലാമൻ പാപ്പ ആവശ്യപ്പെട്ടു. സഭയുടെ ഐക്യവും പവിത്രതയും കാത്തുസൂക്ഷിക്കാൻ വൈദികരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

