
കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം “കൂട്’ പദ്ധതിയിൽ ’മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ എന്ന പേരിൽ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹസമ്മാനമായി തെങ്ങിൻതൈ നൽകുന്നു.
വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങൾക്കാണ് ഓരോ തൈ സമ്മാനിക്കുന്നത്. തെങ്ങിൻ തൈയുടെ വളർച്ചയുടെ ഓരോഘട്ടവും കുടുംബങ്ങൾ രേഖപ്പെടുത്തണം. വിളവെടുക്കുമ്പോൾ എല്ലാ കുടുംബങ്ങളും ഒരു കുല ഭദ്രാസനത്തിന് നൽകണം. ഇത്തരത്തിൽ ലഭിക്കുന്ന നാളികേരം വിറ്റുകിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും.
നാളികേര വികസന ബോർഡിൽനിന്നാണ് വിതരണത്തിന് ആവശ്യമായ തൈകൾ എത്തിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭദ്രാസനത്തിനു കീഴിലെ നിർധന കുടുംബങ്ങൾക്ക് നേരത്തേ കാർഷികോപകരണങ്ങൾ നൽകിയിരുന്നു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ തെങ്ങിൻതൈ വിതരണം ഭദ്രാസനാധിപൻ ഡോ.സ്തേഫാനോസ് മോർ ഗീവർഗീസ് ഉദ്ഘാടനം ചെയ്തു.
എല്ലാ കുടുംബങ്ങളിലും എന്തെങ്കിലും സഹായം എത്തണമെന്ന ചിന്തയാണ് പദ്ധതിക്കു പിന്നിലെന്ന് ഭദ്രാസനാധിപൻ പറഞ്ഞു. മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ഇടവകയിയിൽ തൈ വിതരണം നടന്നു. കത്തീഡ്രൽ വളപ്പിൽ തൈ നട്ട് ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ബിജുമോൻ കാർലോട്ടുകുന്നേൽ, ഫാ. സോജൻ വാണാക്കുടി, ഫാ. എൽദോ ലീലാഭവനം, ഫാ. ലിജോ, ട്രസ്റ്റി ടി.കെ. തോമസ്, സെക്രട്ടറി വി.എം. സാബു, ജോയിന്റ് ട്രസ്റ്റി ജിതിൻ കാരുകുഴി എന്നിവർ നേതൃത്വം നേതൃത്വം നൽകി.