
ജോസഫ് മൈക്കിള്‍
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കര എന്ന സിനിമയില്‍ മദ്യപിച്ചു ലഹരിപിടിച്ചിരിക്കുന്ന ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പ്രശസ്തമാണ്. ‘മദ്യവിരുദ്ധ കിനാശേരിയാണ് ഗാന്ധിജി കണ്ട സ്വപ്നം. ഇവനതു വല്ലതുമറിയുമോ.’ മദ്യപന്മാര്‍ മദ്യപാനികളില്ലാത്ത നാട് സ്വപ്നം കാണുന്നതുപോലെയാണ് കേരളത്തിലെ അവസ്ഥയും. മദ്യക്കച്ചവടക്കാര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തിട്ട് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും, മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയമെന്ന്.
കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗമാണ്. സ്‌കൂള്‍ കുട്ടികളെപ്പോലും ലഹരി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ആശങ്കാജനകം. ഗവണ്‍മെന്റും പൊതുസമൂഹവും ഒരേ മനസോടെ കൈകോ ര്‍ത്താലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ ഗവണ്‍മെന്റ് മദ്യകച്ചവടം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്.
പെട്രോള്‍ വില ഏകീകരിക്കുമോ?
സംസ്ഥാന ഗവണ്‍മെന്റ് ബാറുകളുടെ പ്രവൃത്തിസമയം 2 മണിക്കൂര്‍ കൂട്ടിയിരിക്കുകയാണ്. 11 മുതല്‍ രാത്രി 11 വരെയായിരുന്നത് ഇനി 10 മുതല്‍ രാത്രി 12വരെയാണ്. ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നടപടിയെന്നാണ് ഗവണ്‍മെന്റിന്റെ വിശദീകരണം. മദ്യക്കച്ചവടം നടത്തുന്നവരുടെ ഏകലക്ഷ്യം ലാഭം വര്‍ധിപ്പിക്കുകയാണ്. അതിനു ഗവണ്‍മെന്റ് കുടപിടിച്ചുകൊടുക്കുന്നത് എന്തിനാണ്?
ബാറുകളുടെ സമയം വര്‍ധിപ്പിച്ചതിലുള്ള എക്‌സൈസ് മന്ത്രിയുടെ വിശദീകരണം ഇഷ്ടപ്പെട്ടു. സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ് പ്രവൃത്തിസമയം. അതു ഏകീകരിക്കുകയാണ് ചെയ്തത്. അല്ലെങ്കില്‍ വിവേചനമാകില്ലേ എന്നാണ് മന്ത്രിയുടെ ചോദ്യം. ഹോ, എന്തൊരു നിഷ്‌കളങ്കത. ഈ നാട്ടിലെ ജനങ്ങള്‍ അതു വിശ്വസിക്കണം എന്നുമാത്രം അങ്ങു പറയരുത്. വിവേചനം ഒഴിവാക്കാന്‍ വേറെ മാര്‍ഗം ഉണ്ടായിരുന്നു. മറ്റു പ്രദേശങ്ങളിലേതുപോലെ രാവിലെ 11 മുതല്‍ രാത്രി 11 വരെ ടൂറിസ്റ്റു കേന്ദ്രങ്ങളിലെ ബാറുകളുടെ സമയം കുറച്ചാല്‍ പോരായിരുന്നോ?
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും എ ക്‌സൈസ് വകുപ്പ് മന്ത്രി വിശദീകരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12 വരെയാണ്. കര്‍ണാടകയിലാണെങ്കില്‍ ബാറുടമകള്‍ അടക്കേണ്ട ഫീസും കുറവാണെന്ന് അദ്ദേഹം പറയുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് നല്ലതാണ്. എല്ലാ കാര്യങ്ങളിലും വേണമെന്നു മാത്രം. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 105.66 രൂപയാണ്. ബംഗളൂരുവിലാണെങ്കില്‍ 102.98-വും മാഹിയില്‍ 93.92 വും ആണ്. ആ വിലകള്‍ തമ്മില്‍ ഏകീകരിക്കാന്‍ സാധിക്കുമോ?
രാത്രികളിലെ അപകടങ്ങള്‍
ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടുമ്പോള്‍ ആദ്യം വര്‍ധിക്കുന്നത് വാഹനാപകടങ്ങളായിരിക്കും. കേരളാ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024-25 ല്‍ സംസ്ഥാനത്ത് 48,841 അപകട ങ്ങള്‍ സംഭവിച്ചു. 3,875 മരിക്കുകയും 54,813 പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. അപകടങ്ങള്‍ അധികവും രാത്രിയാണ് സംഭവിക്കുന്നത്. കേരളത്തിലെ അപകടങ്ങളില്‍ 93 ശതമാനവും അമിതവേഗതയും അശ്രദ്ധയുമാണ് കാരണമായി വരുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷം വരുത്തുന്ന അപകടങ്ങള്‍ ‘അശ്രദ്ധമായ ഡ്രൈവിംഗ്’ എന്ന വിഭാഗത്തിലാണ് പൊതുവെ ഉള്‍പ്പെടുത്താറുള്ളത്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ് അപകടങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍ മറ്റാരുമല്ല, മദ്യംതന്നെ.
ലഹരി എന്നാല്‍ ന്യൂജന്‍ രാസലഹരികള്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ട്. മദ്യത്തില്‍ തുടക്കംകുറിക്കുന്നവരാണ് ലഹരിയുടെ പുതിയ വഴികള്‍ തേടിപ്പോകുന്നവരില്‍ അധികവും. മദ്യപാനികള്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ആപത്തുസൃഷ്ടിക്കുന്നവരാണ്. മദ്യപിച്ച് വാഹനമോടിച്ചവര്‍ ഉണ്ടാക്കിയ അപകടങ്ങളിലൂടെ എത്ര നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ കണ്‍കെട്ടുവിദ്യകള്‍
ടൂറിസം മദ്യവുമായി കൂട്ടിക്കെട്ടുന്നത് സാധാരണക്കാരെ കബളിക്കുന്ന ഒരുതരം കണ്‍കെട്ടുവിദ്യയാണ്. വിദേശികള്‍ കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനാണെന്നു പറയുന്നത് യുക്തിക്കുനിരക്കുന്നതല്ല. അവരുടെ നാടുകളില്‍ ലഭിക്കാത്ത മദ്യമാണോ കേരളത്തില്‍ വില്ക്കുന്നത്? ഈ നാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് ടൂറിസ്റ്റുകള്‍ എത്തുന്നത്. മദ്യവും മറ്റ് അധാര്‍മ്മിക പ്രവൃത്തികളെയും ആഘോഷമാക്കി മാറ്റിയ പല ടൂറിസ്റ്റുകേന്ദ്രങ്ങളും ഇപ്പോള്‍ തകര്‍ച്ചയുടെ നടുവിലാണ്.
ലഹരിയുടെ വ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഭരണനേതൃത്വം ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനം സുഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ നിങ്ങളുടെ ആത്മാര്‍ത്ഥയില്‍ സ്വഭാവികമായും സംശയങ്ങള്‍ ഉയരും. മദ്യവ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നവരായി രാഷ്ട്രീയ നേതൃത്വം മാറുമ്പോള്‍ നിങ്ങളെ വിശ്വസിച്ചു ഭരണത്തിലേറ്റിയ സാധാരണക്കാരെ വഞ്ചിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും കണ്ണീരു വീഴ്ത്തുന്ന നടപടികളില്‍നിന്ന് ദയവായി അധികാരികള്‍ പിന്മാറണം.