
തലശേരി: സഭയും സമൂഹവും നേരിടുന്ന സമകാലിക വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ തലശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്കൂളില്‍ നടന്ന കെസിവൈഎമ്മിന്റെ 48-ാമത് സംസ്ഥാന വാര്‍ഷിക സെനറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സെനറ്റ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന് കണിവയ ലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി യുവജന കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോര്‍ട്ട് എബിന് കണിവയലില്നിന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള കെസിവൈഎം നേതാക്കള്‍ സെനറ്റില്‍ പങ്കെടുത്തു. ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയപരമായ നിലപാടുകള്‍ തിരുത്തണമെന്നും സെനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഭയുടെയും യുവജനങ്ങളുടെയും സാമൂഹിക താല്പര്യങ്ങള് മുന്‍നിര്‍ത്തി ഗൗരവകരമായ ചര്‍ച്ചകളാണ് സെനറ്റില്‍ നടന്നത്. വിദ്യാഭ്യാസം, തൊഴില്‍, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സമാപന സമ്മേളനം സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജോസ്, തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര, ഡയറക്ടര്‍ ഫാ. അഖില്‍ മുക്കുഴി, സംസ്ഥാന അസി. ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. നോര്‍ബര്‍ട്ട സിടിസി, സംസ്ഥാന ഭാരവാഹികളായ ജോഷ്ന എലിസബത്ത്, അനൂപ് ജെ.ആര് പാലിയോട്, സനു സാജന് പടിയറയില്‍, ജോസ്മി ജോസ്, ജീന ജോര്‍ജ്, ജിബി ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളെ സെനറ്റില്വച്ച് തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷിബിന്‍ ഷാജി (മാവേലിക്കര രൂപത), ജന.സെക്രട്ടറി: കാസി പൂപ്പന (കൊച്ചി രൂപത), വൈസ് പ്രസിഡന്റുമാര്‍: ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടുക്കി രൂപത), സെക്രട്ടറിമാര്‍: ജോയല്‍ ജോണ്‍ (ചങ്ങനാശേരി അതിരൂപത), സെഞ്ചു ജേക്കബ് (പാലാ രൂപത), ധന്യ മോഹന്‍ രാജ് (വിജയപുരം രൂപത), പ്രിന്‍സി പീറ്റര്‍ (മൂവാറ്റുപുഴ രൂപത), ട്രഷറര്‍: ജെന്സന് ആല്‍ബി (കോട്ടപ്പുറം രൂപത).