
നെയ്റോബി: സ്വജീവന്‍ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും, ഡോര്‍മിറ്ററയില്‍ ആളിപ്പടര്‍ന്ന തീയില്‍ നിന്നും സഹപാഠികളെ രക്ഷിക്കാനായി ദുരന്തമുഖത്തേക്ക് തിരികെ നടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ പതിനഞ്ചുകാരിക്ക് കെനിയയുടെ കണ്ണീര്‍ പ്രണാമം. കെനിയയിലെ ഗില്‍ഗിലിലുള്ള ‘ഉതുമിഷ ഗേള്‍സ് അക്കാദമി സീനിയര്‍ സ്‌കൂള്‍’ ഹോസ്റ്റലില്‍ ഉണ്ടായ അഗ്‌നിബാധയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫോര്‍ച്യൂണ്‍ അമായ ലോസികെ സഹപാഠികളെ രക്ഷിക്കാനായി സ്വജീവന്‍ ബലിനല്‍കിയത്. പൂര്‍ണമായി അഗ്നി വിഴുങ്ങിയ അമായയുടെ കഴുത്തില്‍ ധരിച്ചിരുന്ന ജപമാലയില്‍ നിന്നാണ് ഏക മകളെ അമ്മ തിരിച്ചറിഞ്ഞത്. മറ്റ് 15 വിദ്യാര്‍ത്ഥിനികള്‍ക്കും ഈ അപകടത്തില്‍ ജീവഹാനി സംഭവിച്ചു.
ആളിപ്പടര്‍ന്ന തീയിലും കരിയാതെ അവശേഷിച്ച ആ ജപമാല നാം എപ്പോഴും ഒരുങ്ങിയിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നതെന്ന് അമായയുടെ മൃതസംസ്‌കാരശുശ്രൂഷയില്‍ കാര്‍മികത്വം വഹിച്ച ഫാ. ജോണ്‍ നസാവു പറഞ്ഞു. ഫോര്‍ച്യൂണ്‍ അമായ സര്‍വ്വ സജ്ജയായിരുന്നു. കത്തിയമര്‍ന്ന അവളുടെ ശരീരത്തിനൊപ്പം കേടുപാടുകള്‍ കൂടാതെ തിളങ്ങിനിന്ന ആ ചുവപ്പും വെള്ളയും ചേര്‍ന്ന ജപമാലയായിരുന്നു അവളുടെ അടയാളം. മരണത്തിലും അവള്‍ ക്രിസ്തുവിനോട് ചേര്‍ന്നുനിന്നു,’- ഫാ. ജോണ്‍ നസാവു കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 16-ന് നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറുകണക്കിന് ആളുകളാണ് ഈ ധീരബാലികയ്ക്ക് വിട നല്‍കാന്‍ എത്തിയത്. തീപിടുത്തത്തില്‍ ഫോര്‍ച്യൂണിന്റെ തലയും കഴുത്തും തിരിച്ചറിയാന്‍ കഴിയാത്തവിധം കരിഞ്ഞുപോയെങ്കിലും യാതൊരു കേടുപാടും കഴുത്തില്‍ ധരിച്ചിരുന്ന ജപമാലയ്ക്ക് സംഭവിച്ചിരുന്നില്ല.
മെയ് 28-നായിരുന്നു കെനിയയെ നടുക്കിയ ആ ദുരന്തം സംഭവിച്ചത്. ആശുപത്രിയില്‍ വച്ച് ഫോര്‍ച്യൂണിന്റെ അമ്മ കണ്ടുമുട്ടിയ അമായയുടെ ഒരു സുഹൃത്താണ് അവളുടെ അവസാന നിമിഷങ്ങളിലെ ധീരത ലോകത്തോട് വിളിച്ചുപറഞ്ഞത്. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ ഫോര്‍ച്യൂണിന് തന്നോടൊപ്പം രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നുവെന്ന് ആ പെണ്‍കുട്ടി ഓര്‍ക്കുന്നു. എന്നാല്‍ അകത്തു കുടുങ്ങിയവരെ രക്ഷിക്കാന്‍ അവള്‍ വീണ്ടും ഉള്ളിലേക്ക് പോയി. പുറത്തേക്കുള്ള ഏക വഴി ജനലുകള്‍ മാത്രമായി മാറിയപ്പോഴും മറ്റ് പെണ്‍കുട്ടികള്‍ക്ക് ആദ്യം പുറത്തേക്ക് പോകാന്‍ ഫോര്‍ച്യൂണ്‍ വഴിമാറിക്കൊടുത്തു. ഒടുവില്‍ അവള്‍ ചാടാന്‍ ഒരുങ്ങുമ്പോള്‍ കാലുടക്കുകയും ആ സമയം മേല്‍ക്കൂര തകര്‍ന്നു വീഴുകയുമായിരുന്നു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു ഫോര്‍ച്യൂണ്‍ അമായ. പ്രൊട്ടസ്റ്റന്റ് പശ്ചാത്തലമുള്ള കുടുംബമായിരുന്നിട്ടും സ്‌കൂളില്‍ വച്ച് സ്വന്തം താല്പര്യപ്രകാരമാണ് ഫോര്‍ച്യൂണ്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും ജപമാല ഭക്തി ജീവിതത്തിന്റെ ഭാഗമാക്കിയതും. സ്‌നേഹിതന് വേണ്ടി ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന എന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കി കടന്നുപോയെ ഈ പതിനഞ്ചുകാരിയുടെ ധീരതയുടെയും സ്‌നേഹത്തിന്റെയും ഓര്‍മ്മകള്‍ ലോകത്തിന് മുന്നില്‍ എന്നും പ്രചോദനമായി നിലകൊള്ളും.

