
ലഹരിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടമായ തൂഫാന്‍ എറെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തമായൊരു ‘തൂഫാന്’ തുടക്കംകുറിച്ചൊരു വനിത ആലപ്പുഴയിലെ അര്‍ത്തുങ്കലിലുണ്ട്. പഞ്ചായത്ത് ജീവനക്കാരിയായ കുഞ്ഞുമോള്‍ ബെന്നിയാണ് കുട്ടികളെ അണിനിരത്തി കലയുടെ സഹായത്തോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരുനാളുകള്‍, ഫാമിലി യൂണിറ്റ് വാര്‍ഷികങ്ങള്‍, വിവാഹ വീടുകള്‍ എന്നിവിടങ്ങളാണ് മാര്‍ഗംകളിയും സ്‌കിറ്റുമായി ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
മൂന്നു ചെറുപ്പക്കാരുടെ മരണം
അര്‍ത്തുങ്കലിലെ തീരദേശ കരിസ്മാറ്റിക് മിഷന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ലഹരിക്കടിമകളായ മൂന്നു ചെറുപ്പക്കാര്‍ അടുത്തടുത്ത് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ലഹരിക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്‌കിറ്റായിരുന്നു ആദ്യം അവതരിപ്പിച്ചു തുടങ്ങിയത്. അതിനു വലിയ സ്വീകാര്യത ലഭിച്ചപ്പോഴാണ് മാര്‍ഗംകളി ലഹരിവിരുദ്ധ പ്രചാരണ ആയുധമാക്കിയത്.
ലഹരിക്കെതിരെയുള്ള കലാപരിപാടി ദേവാലയങ്ങളില്‍ അവതരിപ്പിക്കാന്‍ ആദ്യകാലങ്ങളില്‍ അനുവാദം ചോദിക്കുമായിരുന്നു. എന്നാല്‍, അതു കാണുന്ന മറ്റ് ഇടവകകളിലെ വൈദികര്‍ അവരുടെ ഇടവകകളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. പിന്നെ ഇതിനെക്കുറിച്ച് പറഞ്ഞുകേട്ട് വിവിധ ഇടവകകളില്‍ അവസരം ലഭിച്ചു. 10-ാം ക്ലാസില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനത്തിന്റെ തിരക്കുണ്ടെങ്കിലും ലഹരിക്കെതിരെയുള്ള മാര്‍ഗംകളി അവതരിപ്പിക്കാന്‍ മടികൂടാതെ മാതാപിതാക്കള്‍ പറഞ്ഞുവിടും. 20 കുട്ടികളാണ് മാര്‍ഗംകളിക്കും സ്‌കിറ്റിനുമായി ഉള്ളത്.
തിരുവാതിരയും കവിതയും
കഴിഞ്ഞ അവധിക്കാലത്ത് തുടര്‍ച്ചയായി സ്റ്റേജുകള്‍ ലഭിച്ചിരുന്നു.’തീരദേശ മിഷന്‍’ കോ-ഓര്‍ഡിനേറ്റര്‍ സാബു കാക്കരിയാണ് മാര്‍ഗംകളിക്കുള്ള ഡ്രസുകള്‍ സ്‌പോര്‍ണസര്‍ ചെയ്തത്. ബാക്കിയുള്ള ചെലവുകള്‍ക്കുള്ള പണം സ്വയം കണ്ടെത്തി. വിവാഹ വീടുകളില്‍ ഇങ്ങനെയൊരു പ്രോഗ്രാം അവതരിപ്പിക്കട്ടെ എന്നു ചോദിക്കും. അനുവാദം ലഭിക്കാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞുമോള്‍ പറയുന്നു.
കവിതാ രചന ചെറുപ്പം മുതല്‍ കുഞ്ഞുമോളുടെ ഹോബിയായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ജോലി ചെയ്യുമ്പോഴാണ് ‘മരുഭൂമിയും ഉറവയും’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പിന്നീടാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വന്നത്. ലഹരിക്കെ തിരെ ഒരു തിരുവാതിരയും കുഞ്ഞുമോള്‍ രചിച്ചിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള പോരാട്ടം
ഭര്‍ത്താവ് ബെന്നിയുടെ പൂര്‍ണപിന്തുണയും മക്കളുടെ പ്രോത്സാഹനങ്ങളും ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. മൂത്തമകന്‍ സ്റ്റീഫന്‍ ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥിയാണ്. ഇളയ മകള്‍ വിദ്യാര്‍ത്ഥിനിയായ അന്ന മറിയം. അമല കെ. സോജിയാണ് മാര്‍ഗംകളിയുടെ ഗാനം ആലപിച്ചിരിക്കുന്നത്. ഷേര്‍ളി ബാബു പള്ളിപ്പറമ്പിലാണ് ചമയം ഒരുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സുമനസുകളുടെ സഹകരണവും ലഭിക്കുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ട യുവജനങ്ങളെ ലഹരിവിമുക്ത ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതും പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
തങ്ങളുടെ മക്കളെക്കൂടി ഇതില്‍ പങ്കാളികളാക്കണമെന്ന ആവശ്യവുമായി നിരവധി മാതാപിതാക്കള്‍ ഇപ്പോള്‍ സമീപിക്കാറുണ്ട്. ഈ പ്രോഗ്രാമുകളെ ലഹരിക്കെതിരെയുള്ള പോരാട്ടമായിട്ടാണ് എല്ലാവരും കാണുന്നത്. അതെ, ഈ പ്രവര്‍ത്തനങ്ങള്‍ ദൈവപദ്ധതിയാണെന്ന് സമൂഹവും തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

