
ലോസ് ആഞ്ചലസ്: സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡ് ചടങ്ങ് സുവിശേഷപ്രഘോഷണവേദിയാക്കി പ്രശസ്ത ഗായകന് ജെല്ലി റോള്‍. മൂന്ന് ഗ്രാമി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ജെല്ലി, യേശു തന്റെ ജീവിതത്തെ എപ്രകാരമാണ് മാറ്റിമറിച്ചതെന്ന് സംഗീതലോകത്തെ പ്രഗത്ഭര്‍ പങ്കെടുത്ത ചടങ്ങില്‍ സാക്ഷ്യപ്പെടുത്തി.
യേശു ഇല്ലായിരുന്നെങ്കില്‍ താന്‍ ഇതിനോടകം മരിക്കുകയോ ജയിലില്‍ അകപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമായിരുന്നെന്ന് തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ബൈബിള്‍ ഉയിര്ത്തിപ്പിടിച്ച് ജെല്ലി പറഞ്ഞു. ഒരു ചെറിയ മുറിക്കുള്ളില്‍ തനിക്ക് ആകെയുണ്ടായിരുന്നത് ഈ വലിപ്പത്തിലുള്ള ഒരു ബൈബിളും ഒരു റേഡിയോയും മാത്രമായിരുന്നു. ആ ദൈവവചനവും സംഗീതവുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
യേശുക്രിസ്തു ആരുടെയും കുത്തകയല്ലെന്നും എല്ലാവര്ക്കും പ്രാപ്യനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘യേശു എല്ലാവര്ക്കും വേണ്ടിയുള്ളവനാണ്. അവിടുന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മ്യൂസിക് ലേബലിന്റെയോ മാത്രം സ്വന്തമല്ല.’ ആര്‍ക്കും ദൈവവുമായി നേരിട്ട് ബന്ധമുണ്ടാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“Beautifully Broken” എന്ന ആല്‍ബത്തിലൂടെ മികച്ച കണ്ടംപററി കണ്ട്രി ആല്‍ബത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ബ്രാന്‍ഡന്‍ ലേക്കുമായി ചേര്‍ന്നൊരുക്കിയ “Hard Fought Hallelujah” എന്ന ഗാനം മികച്ച കണ്ടംപററി ക്രിസ്ത്യന്‍ മ്യൂസിക് വിഭാഗത്തിലും, ഷാബോസെയുമായി ചേര്‍ന്നുള്ള “Amen’ മികച്ച ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തിലുമാണ് പുരസ്കാരം കരസ്ഥമാക്കിയത്.