
വത്തിക്കാന് സിറ്റി: സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയില്‍ അംഗമായി മുംബൈ സ്വദേശിനിയായ ക്രിസ്റ്റിന്‍ നഥാനെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഈ സുപ്രധാന നിയമനം. നിലവില്‍ ഇന്റര്‍നാഷണല്‍ കത്തോലിക് മൈഗ്രേഷന്‍ കമ്മീഷന്‍ (ഐസിഎംസി) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് ക്രിസ്റ്റിന്‍.
മുംബൈ അതിരൂപതാംഗമായ ക്രിസ്റ്റിന്‍ നഥാന്‍, കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി താഴേത്തട്ടിലുള്ള തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
മുംബൈയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവര്‍ ക്രിസ്റ്റിന്‍ കരിയര്‍ ആരംഭിച്ചത്. നിര്‍മാണ മേഖലയിലെയും വനമേഖലയിലെയും അവിദഗ്ധ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ക്രിസ്റ്റിന്‍ 2006 മുതല്‍ 2014 വരെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റീജണല്‍ സ്‌പെഷ്യലിസ്റ്റായി ഏഷ്യ-പസഫിക് മേഖലയിലെ 21 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു. ആഗോളതലത്തില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ ക്രിസ്റ്റിന്‍ നഥാന്റെ അനുഭവസമ്പത്ത് വത്തിക്കാന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദവും, ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ ക്രിസ്റ്റിന്‍ മുംബൈ അതിരൂപതയിലെ മൈഗ്രന്റ് ആന്‍ഡ് ലേബര്‍ കമ്മീഷന്‍ അംഗമായി പ്രാദേശിക സഭയിലും സജീവമാണ്.

