
ഇടുക്കി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ നാലാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
35 കിലോമീറ്ററാണ് മാര്‍ നെല്ലിക്കുന്നേല്‍ വിശ്വാസികളോടൊപ്പം കാല്‍നടയായി യാത്ര ചെയ്തത്. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീര്‍ത്ഥാടനം രാവിലെ 8 മണിക്ക് മലയടിവാരത്തിലെത്തി. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയലില്‍ തീര്‍ത്ഥാടനത്തെ വരവേറ്റത്.
കൊടുംചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായി മാറി. മലമുകളില്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു നാല്പതാം വെള്ളിയുടെ സന്ദേശം നല്‍കി.
ഇടുക്കി രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. ഫിലിപ്പ് ഐക്കര എന്നിവര്‍ വി. കുര്‍ബാനയ്ക്ക് സഹകാര്‍മികരായി.
വലിയ നോമ്പില്‍ എഴുകുംവയല്‍ കുരിശുമല സന്ദര്‍ശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങ ള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവി മോചനം ലഭിക്കുന്നതാണ്. നോമ്പുകാലം തീരുന്നതു വരെയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. മോണ്‍. ജോസ് കരിവേ ലിക്കല്‍, ഫാ. തോമസ് പഞ്ഞിക്കുന്നേല്‍, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ.ജോസഫ് ചുനയംമാക്കല്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.

