
സെന്റ് ലൂയിസ്: ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന ഫുള്‍ട്ടണ്‍ ജെ. ഷീനിനെ സെപ്റ്റംബര്‍ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മിസോറിയിലെ സെന്റ് ലൂയിസിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് നടക്കുന്നതെന്ന് വത്തിക്കാന്റെ വിശുദ്ധര്‍ക്കായുള്ള തിരുസംഘം അറിയിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
2012-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ ‘ധന്യന്‍’ ആയി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫുള്‍ട്ടണ്‍ ഷീന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വഴി തെളിഞ്ഞത്.
1960കളില്‍ ടെലിവിഷനിലെ നിറസാന്നിധ്യമായിരുന്നു ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍. ലോകത്തിലെ തന്നെ ആദ്യ ടെലിവിഷന്‍ വചനപ്രഘോഷകനായി കരുതപ്പെടുന്ന ഷീനിന്‍റെ പ്രസംഗങ്ങള്‍ക്ക് അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. ഒരേസമയം നൂറിലധികം സ്റ്റേഷനുകളില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട് .
പുസ്തകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും അദ്ദേഹത്തിന്റെ പ്രശസ്തി അമേരിക്കയിലും യൂറോപ്പിലുമൊക്കെ പരന്നു. 23 വര്‍ഷങ്ങള്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍, അറിയപ്പെടുന്ന പണ്ഡിതന്‍, വാഗ്മി , വചനപ്രഘോഷകന്‍ ഈ നിലകളില്‍ നിറഞ്ഞുനിന്നു. 1951 ജൂണ്‍ 11ന് ഫുള്‍ട്ടന്‍ ഷീന്‍ മെത്രാനായി സ്ഥാനാരോഹിതനായി. അതേ വര്‍ഷം ന്യൂയോര്‍ക്ക് അതിരൂപത ഒരു ടെലിവിഷന്‍ ഷോ തുടങ്ങാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്ക് സ്വീകാര്യനായ വചനപ്രഘോഷകന്‍ എന്ന നിലയില്‍ പ്രോഗ്രാം നയിക്കുവാന്‍ ഫുള്‍ട്ടന്‍ ഷീന്‍ ക്ഷണിക്കപ്പെട്ടു. ചുരുങ്ങിയ സമയം കൊണ്ട് പ്രോഗ്രാം സൂപ്പര്‍ഹിറ്റായി മാറി. ലോകോത്തര അംഗീകാരമായ എമ്മി അവാര്‍ഡ് വരെ ഷീനിന് ലഭിച്ചു. ടൈം മാഗസിന്റെ കവര്‍ പേജിലും സ്ഥാനം പിടിച്ചു. ഓരോ ആഴ്ചയിലും 20 മില്യന്‍ ആളുകള്‍ വരെ അദ്ദേഹത്തിന്‍റെ പ്രോഗ്രാം കണ്ടു.
എന്നും മുടങ്ങാതെ മുട്ടുകുത്തിനിന്ന് ഏകാന്തധ്യാനം നടത്തുക ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ ദിനചര്യയായിരുന്നു. ഒരു കുരിശുരൂപം നെഞ്ചോട് ചേര്‍ത്ത് വെച്ചാണ് അവസാന നാളുകളില്‍ മണ്‍പാത്രത്തിലെ നിധി എന്ന തന്റെ ആത്മകഥ പറഞ്ഞു കൊടുത്തു എഴുതിച്ചത്. 1979 ഡിസംബര്‍ 9 നു മഹാനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.
‘നൂറ്റാണ്ടിന്റെ മാധ്യമ സുവിശേഷപ്രഘോഷകന്‍’ എന്നപേരിലാണു ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ അറിയപ്പെടുന്നത്. പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വചനം പടവാളാക്കിയ ആ മഹാപ്രതിഭ ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു. സഹാനുഭൂതിയുടെ പര്യായമായ ബിഷപ്പ് ഷീന്‍ പുസ്തകങ്ങളില്‍ നിന്നും ടിവി പ്രോഗ്രാമില്‍ നിന്നുമുള്ള വരുമാനം ലോകത്തിന്റെ നാനാഭാഗങ്ങളിലായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌നഫലമായി ആയിരക്കണക്കിന് അനാഥാലയങ്ങളും ക്ലിനിക്കുകളും സ്‌കൂളുകളും സ്ഥാപിക്കപ്പെട്ടു.

