
മനില/ ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സിലെ ടാഗ്ബിലാറന്‍ രൂപതയുടെ ബിഷപ്പായി നിയമിതനായ ഫാ. ജെറാര്‍ഡോ ഫോര്‍ട്ടിച്ച് സാക്കോ ജൂനിയര്‍ സ്ഥാനാരോഹണത്തില്‍ നിന്ന് പിന്‍വാങ്ങി. മെയ് 26-ന് നടക്കേണ്ടിയിരുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ്, തന്റെ ‘മനുഷ്യസഹജമായ പരിമിതികള്‍’ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഈ അസാധാരണ തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ടാഗ്ബിലാറന്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. സാക്കോയുടെ തീരുമാനം അമ്പരപ്പോടെയാണ് രൂപതയിലെയും രാജ്യത്തെയും വിശ്വാസികള്‍ സ്വീകരിച്ചത്. 2023-25 കാലയളവില്‍ അദ്ദേഹം രൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചിരുന്നു. മാര്‍ച്ച് 25-നാണ് ലിയോ പതിനാലാമന്‍ പാപ്പ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചത്. ലിബിയയില്‍ മിഷനറിയായും ഫാ. സാക്കോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആഴമായ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും തന്റെ മാനുഷികമായ പരിമിതികളെക്കുറിച്ചുള്ള അവബോധമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഫാ. സാക്കോ പറഞ്ഞു. ഒരു വൈദികനായി തുടര്‍ന്നും രൂപതയില്‍ സേവനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാ. സാക്കോയുടെ പിന്മാറ്റം പാപ്പ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി സെബുവിലെ ആര്‍ച്ചുബിഷപ് ആല്‍ബെര്‍ട്ടോ ഉയ് പ്രതികരിച്ചു. ഫാ. സാക്കോയുടെ തീരുമാനത്തിലെ ശരിതെറ്റുകള്‍ക്ക് അപ്പുറം മനഃസാക്ഷിയുടെ സ്വരം ശ്രവിച്ചുകൊണ്ട് അദ്ദേഹം എടുത്ത ഈ തീരുമാനത്തെ ആദരവോടെ സ്വീകരിച്ചിരിക്കുകയാണ് ടാഗ്ബിലാറന്‍ രൂപതയിലെ ജനങ്ങള്‍.

