ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന് വിട ; മൃതശരീരം ജൂബിലി മെഡിക്കല്‍ കോളജിനും കണ്ണുകള്‍ നേത്രബാങ്കിലേക്കും

Farewell to Fr. Dr. Francis Alappat

തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറലും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറും എഴുത്തുകാരനുമായിരുന്ന ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന് (72) നാട് ഇന്നു (ഏപ്രില്‍ 10) വിടചൊല്ലും. തന്റെ ദൈവവിളിയെ മനുഷ്യസേ വനത്തിനുള്ള ഉപാധിയാക്കി മാറ്റിയ കാരുണ്യമതിയായിരുന്നു ഫാ. ആലപ്പാട്ട്.

പ്രമേഹ രോഗബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെന്റ് ജോസഫ് വൈദിക മന്ദിരത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന് പഠനത്തിനായി കൈമാറും. കണ്ണുകള്‍ ജൂബിലി മിഷന്‍ നേത്രബാങ്കിനും നല്‍കും. ഫാ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ ആഗ്രഹപ്രകാരമാണിത്. തൃശൂര്‍ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷന്‍ കേന്ദ്രമായ ഏങ്ങണ്ടിയൂര്‍ മേരി ഇമ്മാക്കുലേറ്റ് (എം.ഐ മിഷന്‍) ആശുപത്രിയുടെ ഡയറക്ടറും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്‍ മാനുമായിരുന്നു.

മൃതസംസ്‌കാരശുശ്രൂഷകളുടെ ആദ്യഭാഗം ഇന്ന് (ഏപ്രില്‍ 10) ഉച്ചയ്ക്ക് ഒന്നിനു ബിഷപ് മാര്‍ ടോണി നീലങ്കാവിലിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയോടുകൂടിയുള്ള സംസ്‌കാരശുശ്രൂഷയുടെ മറ്റു കര്‍മങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാര്‍മികത്വം വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനസന്ദേശം നല്‍കും.

കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകന്‍, ജൂബിലി മിഷന്‍ കോളജ് ഓഫ് നേഴ്‌സിംഗ്, ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറായിരുന്നു.

ആലപ്പാട്ട് ആന്റണി- റോസി ദമ്പതികളുടെ മകനായി ജനിച്ച ഫാ. ആലപ്പാട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1995ല്‍ വൈദിക പട്ടം സ്വീകരിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ഫാ. ആലപ്പാട്ട്.

വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂ മണമൊ ഴുകിവരുന്നു, ദൈവവചനം-ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങള്‍ ചിന്താദളങ്ങള്‍, നോമ്പുകാല ചിന്തകള്‍, കന്തന്‍ചാവടി, രാഘവാ കൃഷ്ണാ, അനഘ, അവള്‍ക്കൊപ്പം, എന്റെ പ്രിയ കഥകള്‍, മറുവശം, സാറ്റലൈറ്റ്‌സ്, ഒരു വ്രണിതമാനസന്‍, ഞാന്‍ എന്ന ഞാന്‍, മാഞ്ചിറപ്പാലം, രേണു രാജസ്ഥാനി, അടര്‍ത്താനാകാതെ അടരാനാകാതെ, പൊഴിയുന്ന റോസാദളങ്ങള്‍, സുഭാഷിതങ്ങളും ഒരു ദീര്‍ഘ കഥയും, കാണാപ്പുറ ങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.