
ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാര്‍ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട് എത്തിയതോടെ ഇടവക ജനങ്ങള്‍ക്ക് അത് ചരിത്രനിമിഷമായി.
ഡാളസിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് എത്തിച്ചേര്‍ന്നത്. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍ വിമാനത്താവളത്തില്‍ കര്‍ദിനാളിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
ഡാലസ് ഫൊറോനാ ദേവാലയത്തില്‍ അദ്ദേഹത്തിന് ഔദ്യോഗികമായി വന്‍ വരവേല്‍പ്പ് ഒരുക്കിയിരുന്നു. നൂറുകണക്കിന് ഇടവകാംഗങ്ങളും തിരുനാള്‍ പ്രസൂദേന്തിമാരും ചേര്‍ന്ന് കേരളീയ തനിമയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാര്‍ കൂവക്കാടിനെ വരവേറ്റത്.
ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍, മുന്‍ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, സെന്റ് അല്‍ഫോന്‍സാ അസിസ്റ്റന്റ് വികാരിയും, നോര്‍ത്ത് ഡാളസ് സെന്റ് മറിയം ത്രേസ്യാ മിഷന്‍ ഡയറക്ടറുമായ ഫാ. ജിമ്മി എടക്കളത്തൂര്‍, ഫാ. ജോര്‍ജ്ജ് വാണിയപ്പുരയ്ക്കല്‍, ഫാ. ജെയ്‌സണ്‍ സേവ്യര്‍ പുന്നോലിക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് കര്‍ദിനാളിനെ ദേവാലയത്തിലേക്ക് ആനയിച്ചു.
തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും നടന്നു. കുര്‍ബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു. തിങ്കളാഴ്ച (ജൂലൈ 7) നടന്ന കൊടിയിറക്കത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
മാര്‍ട്ടിന്‍ വിലങ്ങോലില്‍

