
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ ശരീരത്തെ വണങ്ങുന്നതുപോലെ തന്നെ വിശുദ്ധ ഗ്രന്ഥത്തെയും സഭ വണങ്ങണമെന്ന് ലിയോ 14-ാമന്‍ പാപ്പ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണങ്ങളെക്കുറിച്ചുള്ള പ്രബോധന പരമ്പരയുടെ ഭാഗമായി ദൈവിക വെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയായ ‘ദേയി വെര്‍ബും’ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
വിശുദ്ധ ഗ്രന്ഥം സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനായി കത്തോലിക്ക സഭയ്ക്കാണ് ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നതെന്ന് പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുദര്‍ശനപരിപാടിയില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക എന്നതാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ലക്ഷ്യം. അതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് വിശുദ്ധ ഗ്രന്ഥം സഭയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ ഭവനം സഭയാണെന്ന് പാപ്പ വ്യക്തമാക്കി. ദൈവവചനത്തിന്റെ ശക്തിയും ഫലസിദ്ധിയും ക്രിസ്തീയ സമൂഹത്തിന് കരുത്തും ഉന്മേഷവും നല്കുന്നു. വിശുദ്ധ കുര്‍ബാനയിലൂടെയും മറ്റ് കൂദാശകളിലൂടെയും ഈ വചനത്തിന്റെ ഉറവയില്‍ നിന്ന് പാനം ചെയ്യാന്‍ എല്ലാ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നു.
‘തിരുവചനത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്’ എന്ന വിശുദ്ധ ജെറോമിന്റെ പ്രശസ്തമായ വാക്കുകള്‍ പാപ്പ ഉദ്ധരിച്ചു. ദൈവവചനം വായിക്കുന്നതിന്റെയും ധ്യാനിക്കുന്നതിന്റെയും പരമമായ ലക്ഷ്യം ക്രിസ്തുവിനെ അറിയുക എന്നതാണ്. അതിലൂടെ ദൈവവുമായുള്ള ബന്ധത്തിലേക്ക് വളരാന്‍ വിശുദ്ധ ഗ്രന്ഥം നമ്മെ സഹായിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനും സത്യം തിരിച്ചറിയുന്നതിനും വേണ്ടിയുള്ള നമ്മുടെ ദാഹത്തോട് ദൈവവചനം പ്രതികരിക്കുന്നു. എപ്പോഴും പുതുമയുള്ള വചനം തിരുവചനമാണ്. ദൈവികരഹസ്യങ്ങളുടെ അക്ഷയ സ്രോതസാണതെന്നും പാപ്പ വ്യക്തമാക്കി.