
ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനം വൈവിധ്യ മാര്‍ന്ന സമ്മേളനങ്ങളാലും ആത്മീയ ചര്‍ച്ചകളാലും സജീവമായി. സഭയുടെ വളര്‍ച്ചയിലും ഭാവി രൂപീകരണത്തിലും പ്രവാസി സമൂഹത്തിന്റെ പങ്ക് അടിവരയിടുന്നതായിരുന്നു മൂന്നാം ദിവസത്തെ വിവിധ പ്രോഗ്രാമുകള്‍.
മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഈ രാജ്യത്ത് ഈശോയുടെ സ്‌നേഹത്തിന്റെയും കരുണയുടെയും സൗരഭ്യം പരത്തണമെന്ന് വചനസന്ദേശത്തില്‍ മാര്‍ കൂവക്കാട് പറഞ്ഞു.

ആഴമേറിയ വിശ്വാസത്തോടെ വാര്‍ദ്ധക്യത്തെ എങ്ങനെ സന്തോഷകരമായി നേരിടാമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശദീകരിച്ചു. ആര്‍ച്ചു ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
വിവിധ ഇടവകകളില്‍ നിന്നുള്ള വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രതിനിധികള്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലിലുമായി കൂടിക്കാഴ്ച നടത്തി.
പ്രശസ്ത വചനപ്രഘോഷകരായ ഫാ. സേവ്യര്‍ ഖാന്‍ വട്ടയില്‍ നല്‍കിയ വചനസന്ദേശവും, സന്തോ ഷകരമായ ദാമ്പത്യത്തിന്റെ പ്രായോഗികവും ആ ത്മീയവുമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ക്ലാസും മൂന്നാം ദിവസത്തെ കൂടുതല്‍ അനുഗ്രഹപ്രദമാക്കി. വിശ്വാസത്തിനും ശാസ്ത്രത്തിനും ഇടയിലെ പൊരുത്തങ്ങളെ കേന്ദ്രീകരിച്ചു ഫാ. ഡോ. ജോണ്‍ കാര്‍ട്ട് ജെ നയിച്ച ചര്‍ച്ച ശ്രദ്ധേയമായി.

രൂപതയിലെ നഴ്‌സുമാരുടെ പ്രത്യേക കൂട്ടായ്മ, ഭാവി തലമുറകള്‍ക്കിടയില്‍ മലയാള ഭാഷയെ സംരക്ഷി ക്കുന്നതിനും പരിപോ ഷിപ്പിക്കുന്നതിനു മായി സമര്‍പ്പിച്ചിരിക്കുന്ന അധ്യാപകരുടെ സംഗമം, വനിതാ ഫോറം മീറ്റ്, രൂപതയിലെ യൂത്ത് അപ്പസ്‌തോലേറ്റ് അംഗങ്ങളുടെ ഒത്തുചേരല്‍ തുടങ്ങിയവ മൂന്നാം ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.
ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് നാളെ അര്‍പ്പിക്കുന്ന സമാപന ദിവ്യബലിയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

