
ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറല്‍ ബോഡി യോഗം ഫെബ്രുവരി നാല് ബുധനാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും.
സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന സമ്മേളനം 10ന് സമാപിക്കും. ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്‍നിന്നുള്ള 210 മെത്രാന്മാര്‍ പങ്കെടുക്കും.
ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറേല്ലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം സിബി സിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് അന്തോണി സ്വാമി വായിക്കും.
കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, ജസ്റ്റിസ് കെ.എം ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയ വര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും ഭരണഘടനാ മൂല്യങ്ങള്‍ ക്കെതിരായ വെല്ലുവിളികളും ചര്‍ച്ച ചെയ്യും. ഒപ്പം ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.