
വത്തിക്കാന്‍: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
സഭയുടെ ഔദ്യോഗിക ഡയറക്ടറിയായ ‘ അന്വാരിയോ പോന്തിഫിക്കോ 2026’, ‘അനുവാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ’ എന്നിവയിലാണ് ഈ വിവരങ്ങളുള്ളത്.
2024-ലെ കണക്കുകള്‍ പ്രകാരം ലോകത്തെ കത്തോലിക്കാ ജനസംഖ്യ 142.2 കോടി കടന്നു. 2023-ല്‍ ഇത് 140.6 കോടിയായിരുന്നു. ഒരു വര്‍ഷത്തിനിടെ 1.14 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. നിലവില്‍ ലോക ജനസംഖ്യയുടെ 17.8 ശതമാനം പേര്‍ കത്തോലിക്കരാണ്. ഭൂഖണ്ഡങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ ആഫ്രിക്കയിലാണ് ഏറ്റവും വലിയ വളര്‍ച്ച. ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം 28.1 കോടിയില്‍ നിന്ന് 28.8 കോടിയായി ഉയര്‍ന്നു (2.7% വര്‍ധനവ്). ഇന്ന് യൂറോപ്പിലേക്കാള്‍ കൂടുതല്‍ വിശ്വാസികളുള്ളത് ആഫ്രിക്കയിലാണ്. ലോകത്തെ കത്തോലിക്കരില്‍ 47.7 ശതമാനം പേര്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും 20.3 ശതമാനം പേര്‍ ആഫ്രിക്കയിലും, 20.1 ശതമാനം പേര്‍ യൂറോപ്പിലുമാണുള്ളത്. ലോകത്തെ ആകെ ബിഷപ്പുമാരുടെ എണ്ണം 5,525 ആയി ഉയര്‍ന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് പുതിയ രൂപതകളും മെത്രാന്മാരും കൂടുതലായി രൂപീകരിച്ചിരിക്കുന്നത്.ആഗോളതലത്തില്‍ വൈദികരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ട് (4,07,421). ലോകത്ത് 52,102 സ്ഥിരം ഡീക്കന്‍മാരുണ്ട്. ഇതില്‍ 86.8 ശതമാനവും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് സേവനം ചെയ്യുന്നത്.
വൈദികാര്‍ത്ഥികളുടെ കണക്കിലും ആഫ്രിക്കയാണ് ഒന്നാമത്. ലോകമെമ്പാടും വൈദിക പരിശീലനത്തിന് ചേരുന്നവരുടെ എണ്ണത്തില്‍ 2.72 ശതമാനം കുറവുണ്ടായപ്പോള്‍, ആഫ്രിക്കയില്‍ മാത്രം 2.25 ശതമാനം വര്‍ധനവുണ്ടായി. നിലവില്‍ ലോകത്തെ മൊത്തം വൈദികാര്‍ത്ഥികളില്‍ 34.5 ശതമാനം പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. സന്യാസിനികളുടെ എണ്ണത്തിലും ആഫ്രിക്കയില്‍ 2.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ലോകമെമ്പാടുമുള്ള മിഷനറിമാരുടെ എണ്ണത്തിലും (4.6 ലക്ഷം) വര്‍ധനവുണ്ടായി.
2024-ല്‍ ആഗോളതലത്തില്‍ 1.3 കോടി മാമോദീസകളും 18 ലക്ഷത്തിലധികം കത്തോലിക്കാ വിവാഹങ്ങളും നടന്നു. ആദ്യകുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 1.1 ശതമാനവും സ്ഥൈര്യലേപനം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 1.7 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ്. ചുരുക്കത്തില്‍, പരമ്പരാഗത വിശ്വാസ കേന്ദ്രമായ യൂറോപ്പില്‍ സഭയുടെ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍, ആഫ്രിക്ക കത്തോലിക്കാ സഭയുടെ പുതിയ ഊര്‍ജ്ജസ്രോതസായി മാറുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

