
അബൂജ: നൈജീരിയയിലെ കടൂണ അതിരൂപതയില്‍ സായുധരായ കൊള്ളസംഘം നടത്തിയ ആക്രമണത്തില്‍ സെന്റ് ജോസഫ് കത്തോലിക്ക ഇടവകയിലെ കാറ്റക്കെസ്റ്റിനെയും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെയും മുപ്പതിലധികം ഗ്രാമവാസികളെയും തട്ടിക്കൊണ്ടുപോയി. കടൂണ സ്റ്റേറ്റിലെ കഗാര്ക്കോ തദ്ദേശഭരണ മേഖലയിലുള്ള കുറ്റാഹോ, കുഗിര് ഗ്രാമങ്ങളിലാണ് ഫെബ്രുവരി 9-ന് അര്‍ധരാത്രിയോടെ ആക്രമണം ഉണ്ടായത്.
ഗ്രാമവാസികള്‍ ഭയചകിതരാണെന്നും എല്ലാവരും തന്നെ സമീപഗ്രാമങ്ങളിലേക്ക് പലായനം ചെയ്തതായും സെന്റ് ജോസഫ് ഇടവക വികാരി ഫാ. ലിനസ് മാത്യു ബോബായ് പറഞ്ഞു. ‘ഞങ്ങള്‍ നിസഹായരാണ്. ഗ്രാമം മുഴുവന്‍ ഭീതിയുടെ നിഴലിലാണ്. ഇന്നലെ രാത്രി ഗ്രാമത്തില്‍ ഉറങ്ങിയത് 40-ല്‍ താഴെ ആളുകള്‍ മാത്രമാണ്. ഇടയന്മാര് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ കഴിയില്ല, അതിനാല്‍ കുറച്ചുപേര്‍ക്കൊപ്പം ഗ്രാമത്തിന് കാവലായി ഞങ്ങള്‍ ഇവിടെ തുടരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായി വികാരി കടൂണ നഗരത്തില്‍ പോയിരുന്ന സമയത്താണ് ആക്രമണം നടന്നത്.
നൈജീരിയയില്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ മുന്നറിയിപ്പ് നല്കി. ജനുവരി 20-ന് ഇതേ പ്രദേശത്തെ മൂന്ന് പള്ളികളില്‍ നിന്നായി 167 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പരക്കെ വിമര്‍ശനമുണ്ട്. നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.
