
ബാഗ്ദാദ്/ഇറാഖ്: കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സ്ഥാനമൊഴിഞ്ഞു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം 75-ാം വയസിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. മാര്‍ച്ച് 9-ന് അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ സ്വീകരിച്ചു.
ഇത് സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. പ്രാര്‍ത്ഥനയ്ക്കും എഴുത്തിനുമായി ശിഷ്ടകാലം മാറ്റിവെക്കാനാണ് കര്‍ദിനാള്‍ ആഗ്രഹിക്കുന്നത്. മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അദ്ദേഹം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
1948-ല്‍ ഇറാഖിലെ ദഹൂക്ക് പ്രൊവിന്‍സില്‍ ജനിച്ച സാക്കോ, 2013-ലാണ് പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഐഎസ് അധിനിവേശ കാലഘട്ടത്തിലടക്കം ഇറാക്കിലെ സഭയെ ധീരമായി നയിച്ച പാത്രിയാര്‍ക്കീസ് അന്തരാഷ്ട്ര വേദികളില്‍ പീഡിത ക്രൈസ്തവരുടെ സ്വരമായി മാറി. ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ക്കും അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കും എതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പുലര്‍ത്തി. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനം ക്രമീകരിക്കുന്നതിലും കര്‍ദിനാള്‍ സാക്കോ നിര്‍ണായക പങ്ക് വഹിച്ചു.

