
ലണ്ടന്‍/ന്യൂയോര്‍ക്ക്: ലോകം ഡിജിറ്റല്‍ യുഗത്തിലൂടെ അതിവേഗം മുന്നേറുമ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ അച്ചടിച്ച ബൈബിളുകളുടെ വിപണിയില്‍ വിസ്മയിപ്പിക്കുന്ന വളര്‍ച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വര്‍ഷത്തിനുള്ളില്‍ യുകെയിലും അമേരിക്കയിലും ബൈബിള്‍ വില്‍പ്പന ഇരട്ടിയിലധികമായി വര്‍ധിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
യുകെയില്‍ 134% വര്‍ധനവ്
ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2019-ല്‍ 2.69 ദശലക്ഷം പൗണ്ടായിരുന്ന ബൈബിള്‍ വിപണി 2025-ല്‍ 6.3 ദശലക്ഷം പൗണ്ടായി ഉയര്‍ന്നു. വിറ്റഴിക്കപ്പെട്ട കോപ്പികളുടെ എണ്ണത്തില്‍ മാത്രം 106 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 28 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്.
അമേരിക്കയില്‍ 21 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്
അമേരിക്കന്‍ വിപണിയിലും സമാനമായ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്. സിര്‍ക്കാനാ ബുക്ക്്‌സ്‌കാനിന്റെ കണക്കനുസരിച്ച്, 2025-ല്‍ മാത്രം ഏകദേശം 1.9 കോടി ബൈബിളുകള്‍ അമേരിക്കയില്‍ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പൊതുവായ പുസ്തക വിപണിയില്‍ മന്ദത അനുഭവപ്പെടുമ്പോഴും ബൈബിള്‍ വില്‍പ്പനയില്‍ 22 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നത് വിപണി നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
മാറ്റത്തിന് പിന്നില്‍ ജെന്‍ സി
ഈ മാറ്റത്തിന്റെ പ്രധാന ചാലകശക്തി 18-നും 34-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫോണ്‍ സ്‌ക്രീനുകളില്‍ നിന്ന് മാറി പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍ വായിക്കാനുള്ള താല്‍പ്പര്യം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ആഗോള രാഷ്ട്രീയ അസ്ഥിരതകളും മാനസിക സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധാനവും ജീവിത ലക്ഷ്യവും തേടി യുവതലമുറ ബൈബിളിലേക്ക് തിരിയുന്നു.
പഠന ബൈബിളുകള്‍: ലളിതമായ ഇംഗ്ലീഷ് പരിഭാഷകളും , കുറിപ്പുകളോടു കൂടിയ ‘സ്റ്റഡി ബൈബിളുകളും’ ആണ് വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ലോകത്തുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ക്കിടയില്‍ ശാശ്വത മൂല്യങ്ങള്‍ക്കായി മനുഷ്യര്‍ വിശുദ്ധ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ഭൗതികവാദത്തിന് പ്രാധാന്യം നല്‍കിയിരുന്ന പാശ്ചാത്യ സമൂഹത്തില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത വരും വര്‍ഷങ്ങളില്‍ വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.