
ബ്രസീലിയ: ബ്രസീലിലെ ഗോയാസ സംസ്ഥാനത്തെ ട്രിന്‍ഡാഡ് നഗരത്തില്‍ നടന്ന ‘ഡിവൈന്‍ എറ്റേണല്‍ ഫാദര്‍’ (നിത്യപിതാവായ ദൈവം) തീര്‍ത്ഥാടനത്തില്‍ ഇത്തവണ പങ്കെടുത്തത് 42 ലക്ഷത്തിലധികം വിശ്വാസികള്‍. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനങ്ങളിലൊന്നായി ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ചരിത്രത്തിലിടം നേടി. ജൂണ്‍ 26 മുതല്‍ ജൂലൈ 5 വരെയുള്ള 10 ദിവസങ്ങളിലായാണ് ‘ബസിലിക്ക ഷ്രൈന്‍ ഓഫ് ദി ഡിവൈന്‍ എറ്റേണല്‍ ഫാദര്‍’ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകിയെത്തിയത്. ലോകത്തില്‍ തന്നെ നിത്യപിതാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക ബസിലിക്കയാണിത്.
തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഒരു വിശ്വാസി തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്:’പിതാവായ ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ആഴമായ ബോധ്യത്തില്‍ നിന്നാണ് ഞാന്‍ ഇവിടെയെത്തിയത്. നമ്മെ സൃഷ്ടിക്കുക മാത്രമല്ല നമ്മളെയെല്ലാം ഒരേപോലെ സ്‌നേഹിക്കുന്ന ഒരു പിതാവാണ് അവിടുന്ന്.’ -ഏകദേശം 186 വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രമാണ് ഈ തീര്‍ത്ഥാടനത്തിനുള്ളത്. 1840-കളില്‍ ഒരു കര്‍ഷക ദമ്പതികള്‍ക്ക് പരിശുദ്ധ ത്രിത്വം മാതാവിനെ മുടിചൂടിക്കുന്ന ചിത്രം ആലേഖനം ചെയ്ത ഒരു ചെറിയ ലോക്കറ്റ് ലഭിച്ചതില്‍ നിന്നാണ് ഈ ഭക്തിയുടെ തുടക്കം. വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഈ ഭക്തി ബ്രസീല്‍ മുഴുവന്‍ വ്യാപിക്കുകയും ട്രിന്‍ഡാഡ് നഗരം രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറുകയുമായിരുന്നു.
‘ആബാ പിതാവേ, എന്ന് ഞങ്ങള്‍ നിലവിളിക്കുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. പരമ്പരാഗതമായി നടന്നുവരുന്ന മെഴുകുതിരി പ്രദക്ഷിണമാണ് ഈ തീര്‍ത്ഥാടനത്തിലെ ഏറ്റവും മനോഹരമായ നിമിഷം. തീര്‍ത്ഥാടനത്തിന്റെ സമാപന ബലിയില്‍ ഗോയാനിയയിലെ ആര്‍ച്ചുബിഷപ് ജോവോ ജസ്റ്റിനോ കാര്‍മികത്വം വഹിച്ചു. നന്മ അന്വേഷിച്ചുകൊണ്ടും നേരായി ജീവിച്ചുകൊണ്ടും ദൈവപിതാവിന്റെ വിളിയോട് നാം പ്രത്യുത്തരിക്കണമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

