
കോഴിക്കോട്: സഭ ഒരു കൂട്ടായ്മയാണെന്നും ഏകവും ശ്ലൈഹികവും അപ്പസ്തോലികവുമായ സഭ ജീവനുള്ള സഭയാണെന്നും ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപതയുടെ മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ നടന്ന തൈല പരികര്‍മ്മ പൂജയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.
കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ ഉപയോഗിക്കുന്ന വിശുദ്ധ തൈലങ്ങളുടെ ആശീര്‍വാദവും, ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച വൈദികരുടെ വ്രത വാഗ്ദാന പുതുക്കലും ചടങ്ങിന്റെ പ്രധാന ഭാഗമായിരുന്നു.
വികാരി ജനറല്‍ മോണ്‍. ഡോ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍, കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഹെന്റി പട്ടരുമഠത്തില്‍, ജുഡീഷ്യല്‍ വികാരിയും നോര്‍ത്ത് വയനാട് ഫൊറോന വികാരിയുമായ ഫാ. ജെറോം ചിങ്ങന്തറ, കോഴിക്കോട് ഫൊറോന വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങര, ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറി ഫാ. റെനി ഇമ്മാനുവല്‍ എന്നിവരടക്കം 85 അതിരൂപതാ വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചു. റവ. ഡോ. അലോഷ്യസ് കുളങ്ങര വചനസന്ദേശം നല്‍കി. അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. പോള്‍ പേഴ്സി ഡിസില്‍വ തിരുക്കര്‍മ വിവരണം നല്‍കി.
ലോക സമാധാനത്തിനും അതിരൂപതയുടെ പ്രത്യേക നിയോഗങ്ങള്‍ക്കുമായി പ്രാര്‍ത്ഥനകളും നടന്നു. ചടങ്ങില്‍ മക്കിയാട് ബനഡിക്ടന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വിന്‍സെന്റ് കൊരണ്ടിയാര്‍കുന്നേല്‍, അപ്പസ്തോലിക് കാര്‍മ്മല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മരിയ ജസീന, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫിലോ ജോസഫ്, ബഥനി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രിയാ റോസ്, വെനേറിനി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസാ ചാണ്ടി, ദീന സേവന സഭ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡാനിയേല, സിസ്റ്റേഴ്സ്, സെമിനാരിയന്‍സ്, വിവിധ ഇടവകകളിലെ ദൈവജനം എന്നിവര്‍ സന്നിഹിതരായിരുന്നു.

