
ചങ്ങനാശേരി: കേരളത്തിന്റെ മത, സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും, ആഗോളസഭയുടെ ദര്‍ശനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ദിവംഗതനായ മാര്‍ ജോസഫ് പൗവത്തിലിന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രൂപീകൃതമായ ആര്‍ച്ചുബിഷപ് ജോസഫ് പൗവത്തില്‍ ഫൗണ്ടേഷന് ട്രസ്റ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
ചങ്ങനാശ്ശേരി കുരിശുമൂട്ടിലുള്ള മീഡിയ വില്ലേജില്‍ മുംബൈ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം നിര്‍വഹിക്കും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.
ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മൂന് വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ്, ഇന്റര്‍ റിലീജിയസ് ഫൗണ്ടേഷന് സെക്രട്ടറിയായിരുന്ന ടി. മുരളി വല്ലഭന് എന്നിവര്‍ ആശംസകള്‍ നേരും. ട്രസ്റ്റ് ചെയര്മാന് ഡോ. സിറിയക് തോമസ് സ്വാഗതവും സെക്രട്ടറി ഡോ. പി.ജെ തോമസ് നന്ദിയും പറയും.
മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയും ബിഷപ് മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ വൈസ് ചെയര്‍മാനും, ഫാ. ജെയിംസ് കുന്നത്ത് ജോയിന്റ് സെക്രട്ടറിയും, അഡ്വ. അബ്രാഹം ജോര്‍ജ് പറമ്പില്‍ ട്രഷറുമായുള്ള ട്രസ്റ്റിന്റെ ആസ്ഥാനം ചങ്ങനാശേരിയാണ്.
ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സംഘത്തിന്റെ തലവനും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അധ്യക്ഷനുമായിരുന്ന മാര്‍ പൗവത്തിലിന്റെ ദര്‍ശനങ്ങളും പ്രബോധനങ്ങളും പുസ്തകങ്ങളും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഒപ്പം, അദ്ദേഹം ആധികാരികമായി ഇടപെട്ട വൈജ്ഞാനിക മേഖലകളായ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും, പൊതുവിദ്യാഭ്യാസം, മാധ്യമ ഇടപെടലുകള്‍, സഭൈക്യ സംരംഭങ്ങള്‍, മതാന്തര സംവാദം, സീറോമലബാര്‍ സഭയുടെ ആരാധനാക്രമവും ദൈവശാസ്ത്രവും പരിവര്‍ത്തിത ക്രൈസ്തവരുടെ നിഷേധിക്കപ്പെടുന്ന നീതി എന്നീ തലങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഫൗണ്ടേഷന് ലക്ഷ്യമിടുന്നു.
സെമിനാറുകള്‍, കോണ്‍ഫ്രന്‍സുകള്‍ എന്നിവ അതിനായി സംഘടിപ്പിക്കുയും, ഈ മേഖലകളിലെ മികച്ച സംഭാവനകളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പ്രവര്‍ത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.