
എറണാകുളം: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഡോണ്‍ ബോസ്‌കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വര്‍ക്ക്, കരിയര്‍ ഗൈഡന്‍സ് & ജോബ് പ്ലേസ്മെന്റ് സര്‍വീസസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ശ്രദ്ധേയമായി. കെസിവൈഎം കോട്ടപ്പുറം രൂപതാ സമിതി ആതിഥേയത്വം വഹിച്ച മേള നോര്‍ത്ത് പറവൂര്‍ മരിയ തെരേസ സ്‌ക്രില്ലി പബ്ലിക് സ്‌കൂളിലാണ് നടന്നത്.
തൊഴില്‍ മേളയില്‍ ഐ.ടി, ബിപിഒ, റീട്ടെയ്ല്‍, ഹോട്ടല്‍ മാനേജ്മെന്റ്, മാനുഫാക്ചറിംഗ്, ബാങ്കിംഗ് & ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നിന്നായി ഇരുപതിലധികം പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാസി പൂപ്പന സ്വാഗതമാശംസിച്ച ചടങ്ങില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍, എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ തുടങ്ങി 18 മുതല്‍ 35 വയസ് വരെയുള്ള പ്രായപരിധിയിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.
ഡോണ്‍ബോസ്‌കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വര്‍ക്ക് പ്രോഗ്രാം മാനേജര്‍ ഹരീഷ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ലിയാന്‍ഡര്‍, കരിയര്‍ ഗൈഡന്‍സ് & ജോബ് പ്ലേസ്മെന്റ് സര്‍വീസസ് കോ-ഓര്‍ഡിനേറ്റര്‍ മോനിക്ക എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെസിവൈഎം കോട്ടപ്പുറം രൂപതാ ഡയറക്ടര്‍ ഫാ. നീല്‍ ചടയമുറി, കോട്ടപ്പുറം രൂപത പ്രസിഡന്റ് റെയ്ച്ചല്‍ ക്ലീറ്റസ്, കെസിവൈഎം സംസ്ഥാന സെക്രട്ടറി ജോയല്‍ ജോണ്‍ റോയ് എന്നിവര്‍ പ്രസംഗിച്ചു.

