
പാരീസ്: ഫ്രാന്‍സില്‍ കടുത്ത രാഷ്ട്രീയ-സാമൂഹിക തര്‍ക്കങ്ങള്‍ക്ക് വഴിതുറന്ന ‘ദയാവധ ബില്‍’ ഏതാനും മണിക്കൂറുകള്‍ക്കകം ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ പാസാക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നിയമവ്യവസ്ഥയെയും ധാര്‍മ്മിക മൂല്യങ്ങളെയും മാറ്റിമറിക്കാന്‍ പോകുന്ന ഈ വോട്ടെടുപ്പിന് മുന്നോടിയായി, ബില്ലിനെ അനുകൂലിക്കുന്ന കത്തോലിക്കരായ ജനപ്രതിനിധികള്‍ക്ക് താക്കീതുമായി ഫ്രഞ്ച് സഭ രംഗത്തെത്തിയിരിക്കുകയാണ്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുന്ന കത്തോലിക്കാ ജനപ്രതിനിധികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അര്‍ഹതയുണ്ടാവില്ലെന്ന് ഫ്രഞ്ച് ബിഷപ് മാര്‍ക്ക് ഐലെറ്റ് പറഞ്ഞു.
ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ ഈ ബില്‍ മൂന്ന് തവണ പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ജൂലൈ 7-ന് നടന്ന വോട്ടെടുപ്പിലും 164-നെതിരെ 169 വോട്ടുകള്‍ക്ക് സെനറ്റ് ഈ ബില്‍ നിരസിക്കുകയായിരുന്നു. എന്നാല്‍, സെനറ്റിലെ ബില്ലിന്റെ പരാജയത്തെ മറികടക്കാന്‍ ഫ്രഞ്ച് ഭരണഘടനയുടെ 45-ാം അനുച്ഛേദം നല്‍കുന്ന പ്രത്യേക അധികാരം പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുകയാണ്. ഇരുസഭകളും തമ്മില്‍ അഭിപ്രായ സമന്വയത്തില്‍ എത്താത്ത സാഹചര്യത്തില്‍ നാഷണല്‍ അസംബ്ലിക്ക് അന്തിമ തീരുമാനമെടുക്കാന്‍ അനുവാദം നല്‍കുന്നതാണ് ഈ വകുപ്പ്. മുന്‍പ് മൂന്ന് തവണയും അധോസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ ബില്‍, എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം നടക്കുന്ന വോട്ടെടുപ്പില്‍ പാസാകുകയും രാജ്യത്തെ ഔദ്യോഗിക നിയമമായി മാറുകയും ചെയ്യും.
‘മരിക്കാനുള്ള സഹായം’ എന്ന് പേരിട്ടിരിക്കുന്ന ഈ ബില്‍ നിയമമാകുന്നതോടെ ഫ്രാന്‍സില്‍ ദയാവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാകും. മാരകമായ രോഗം ബാധിച്ച് സുഖപ്പെടുത്താനാവാത്ത രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ മാരകമായ മരുന്ന് നല്‍കാം. അല്ലെങ്കില്‍ രോഗിക്ക് സ്വയം മാരകമായ മരുന്ന് ഉപയോഗിച്ച് ജീവനെടുക്കാം.
തീവ്രവും ഭേദമാക്കാന്‍ സാധിക്കാത്തതുമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന, മരണാസന്നരായ മുതിര്‍ന്ന ഫ്രഞ്ച് പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇതിന് അനുമതിയെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും, ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. രോഗികള്‍ക്ക് മികച്ച പരിചരണവും പാലിയേറ്റീവ് ചികിത്സകളും നല്‍കുന്നതിന് പകരം, ജീവന്‍ അവസാനിപ്പിക്കുന്നത് ഒരു എളുപ്പവഴിയായി സമൂഹം കാണാന്‍ തുടങ്ങുമെന്ന ഭീതി ശക്തമാണ്. കൂടാതെ, കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഈ നിയമം വലിയ വെല്ലുവിളിയാകും. തങ്ങളുടെ വിശ്വാസത്തിന് നിരക്കാത്ത ഇത്തരം പ്രക്രിയകളില്‍ പങ്കാളികളാകാന്‍ കത്തോലിക്കാ ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ അവ പൂട്ടുകയോ വിദേശങ്ങളിലേക്ക് മാറ്റുകയോ ചെയ്യേണ്ടി വരും.
വേദന അനുഭവിക്കുന്നവരെ കൊലപ്പെടുത്തിക്കൊണ്ട് ആശ്വാസം നല്‍കുന്നത് ‘വ്യാജ കാരുണ്യം’ ആണെന്ന് ബിഷപ് ഐലെറ്റ് പറഞ്ഞു. പൊതുജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കത്തോലിക്കനും സഭയുടെ അടിസ്ഥാന തത്ത്വങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ‘സഭയുടെ ധാര്‍മ്മിക പഠനങ്ങള്‍ക്ക് വിരുദ്ധമായി പരസ്യമായി വോട്ട് ചെയ്യുന്നത് സഭാപരമായ ഐക്യത്തിന് ഗുരുതരമായ കോട്ടമുണ്ടാക്കും. ചെയ്യുന്ന പ്രവര്‍ത്തിയുടെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് ജനപ്രതിനിധികള്‍ മനഃസാക്ഷി പരിശോധന നടത്തണം. ഈ വിനാശകരമായ ബില്ലിനെ അനുകൂലിക്കുന്ന കത്തോലിക്കാ ജനപ്രതിനിധികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അര്‍ഹതയില്ല,’ ബിഷപ് ഐലെറ്റ് പറഞ്ഞു.
‘ലോകത്തിന് ജീവനുണ്ടാകാന്‍’ എന്ന ആപ്തവാക്യവുമായി സെപ്റ്റംബര്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പ ഫ്രാന്‍സ് സന്ദര്‍ശിക്കാനിരിക്കെ ജീവനെ ഹനിക്കുന്ന ഈ നിയമനിര്‍മാണവുമായി ഫ്രഞ്ച് പാര്‍ലമെന്റ് മുന്നോട്ട് പോകുന്നതിലെ വിരോധാഭാസവും ഫ്രാന്‍സിലെ വിശ്വാസി സമൂഹത്തെ ഏറെ വേദനപ്പിക്കുന്നു.

