
കാറക്കാസ്/വെനസ്വേല: വെനസ്വേലയെ പിടിച്ചുലച്ച വന്‍ ഭൂകമ്പത്തിന്റെ നടുവിലും അനേകര്‍ അനുഭവിച്ച ദൈവസാന്നിധ്യത്തിന്റെയും ദൈവപരിപാലനയുടെയും നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മരണത്തെ മുഖാമുഖം കണ്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 53 കാരനായ അഭിഭാഷകന്‍ കമര്‍ ഗാലിന്‍ഡെസിന്റേത് അത്തരത്തിലൊരു വേറിട്ട സാക്ഷ്യമാണ്. കഴുത്തിലണിഞ്ഞിരുന്ന മാതാവിന്റെ ‘അത്ഭുത മെഡലിലൂടെ’ ലഭിച്ച ദൈവപരിപാലനയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് കമര്‍ ഉറച്ചു വിശ്വസിക്കുന്നു.
ജൂണ്‍ 24 ബുധനാഴ്ച വൈകുന്നേരം 6:05 നായിരുന്നു വെനസ്വേലയെ നടുക്കിയ, ഇരട്ട ഭൂകമ്പം ഉണ്ടായത്. ലാ ഗൈ്വറ നഗരത്തിന് സമീപം പ്ലായ ഗ്രാന്‍ഡെയിലുള്ള ചിപ്പി ബീച്ച് ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനായി തയ്യാറെടുക്കുകയായിരുന്നു ഈ സമയം കമര്‍ ഗാലിന്‍ഡെസ്. നിമിഷങ്ങള്‍ക്കകം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങള്‍ ആ ബഹുനിലക്കെട്ടിടത്തെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു. ഗാലിന്‍ഡെസ് നിന്നിരുന്ന തറ പിളര്‍ന്ന് അദ്ദേഹം നേരെ താഴേക്ക് പതിച്ചു.
കോണ്‍ക്രീറ്റ് പാളികള്‍ക്കും കല്ലുകള്‍ക്കും ഇടയില്‍ കുടുങ്ങിപ്പോയ അദ്ദേഹത്തിന് ശ്വാസമെടുക്കാന്‍ പോലും പ്രയാസമായിരുന്നു. ഇടതുകൈ ഒടിഞ്ഞു തൂങ്ങി. ചുറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യരുടെ നിലവിളികള്‍. മരണം ഉറപ്പായ ആ നിമിഷത്തില്‍ കമറിന്റെ മനസിലേക്ക് ഓടിയെത്തിയത് കരുണയുടെ ഈശോയുടെ മുഖമായിരുന്നു.’കര്‍ത്താവേ, എന്നോട് കരുണ കാണിക്കമേ! പിതാവായ ദൈവമേ, അവിടുന്ന് എന്നെ പുറത്തെത്തിക്കാന്‍ സഹായിക്കണമേ’ അദ്ദേഹം ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ആദ്യത്തെ വെപ്രാളം ശമിച്ചപ്പോള്‍ തനിക്ക് ശാന്തത നല്‍കാനും ക്ഷമയോടെ ആയിരിക്കുവാനുമുള്ള കൃപയ്ക്കുവേണ്ടിയാണ് തുടര്‍ന്ന് പ്രാര്‍ത്ഥിച്ചതെന്ന് ഗാലിന്‍ഡസ് പറഞ്ഞു.
എത്രസമയം അവിടെ കിടന്നെന്ന് അദ്ദേഹത്തിന് ഓര്‍മയില്ല. ഒടുവില്‍ അവിടെയെത്തിയ ഒരു രക്ഷാപ്രവര്‍ത്തകന്‍ കല്‍ക്കൂമ്പാരത്തിന്റെ മുകളിലെത്തി അദ്ദേഹത്തെ അവിടെ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുകയായിരുന്നു. പുറത്തെത്തിയ അദ്ദേഹം തന്റെ ഒടിഞ്ഞ കൈ അനക്കാന്‍ കഴിയാത്തതിനാല്‍ വാച്ച് അഴിച്ച് ഷോര്‍ട്‌സിന്റെ പോക്കറ്റിലേക്ക് മാറ്റാന്‍ സമീപത്ത് നിന്നിരുന്നവരോട് ആവശ്യപ്പെട്ടു. അപ്പോഴാണ് അവിടെയുണ്ടായിരുന്നവരെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ ആ കാഴ്ച കണ്ടത്. കമര്‍ എപ്പോഴും കഴുത്തില്‍ ധരിച്ചിരുന്ന, പരിശുദ്ധ മറിയത്തിന്റെ രൂപമുള്ള അത്ഭുത മെഡല്‍ ആ സിപ്പുള്ള പോക്കറ്റിനുള്ളില്‍ സുരക്ഷിതമായി ഇരിക്കുന്നു! കെട്ടിടം തകര്‍ന്നു വീഴുന്നതിനിടയിലെപ്പോഴോ കഴുത്തിലെ മാല പൊട്ടിപ്പോയി. എന്നാല്‍ ആ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍, അത്ഭുതമെഡല്‍ എങ്ങനെ അടഞ്ഞ സിപ്പ് പോക്കറ്റിനുള്ളില്‍ വന്നുപെട്ടു എന്ന് വിശദീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
‘അത് എങ്ങനെ അവിടെ വന്നു എന്ന് എന്നോട് ചോദിക്കരുത്. പക്ഷേ എന്നെ രക്ഷിച്ചത് ആ മെഡലിലൂടെ എന്റെ പരിശുദ്ധ അമ്മയാണ്. അതില്‍ എനിക്ക് ഒട്ടും സംശയമില്ല,’ കമര്‍ ഗാലിന്‍ഡെസ് പറയുന്നു.
3,500-ലധികം ആളുകള്‍ മരണമടയുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെനസ്വേലയിലെ ഈ മഹാദുരന്തത്തില്‍, കമര്‍ ഗാലിന്‍ഡെസിന്റെ അനുഭവം കേവലം ഒരു അതിജീവന കഥ യല്ല. എല്ലാം തകര്‍ന്നടിഞ്ഞു എന്ന് കരുതുമ്പോഴും, നില്‍ക്കുന്ന തറ തന്നെ തകര്‍ന്നുപോകുന്ന ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ട് എന്ന പ്രത്യാശ അത് നല്‍കുന്നു. പ്രത്യേകമായി, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെനസ്വേലന്‍ ജനതയ്ക്ക്, ഈ ദുരന്തമുഖത്തും ദൈവം ഒപ്പം ഉണ്ടെന്ന ഓര്‍മപ്പെടുത്തലായി മാറിയിരിക്കുകയാണ് കമറിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്ത ആ അത്ഭുത മെഡല്‍.

