
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ആരംഭിച്ച അസാധാരണ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരോട് ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 26-ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പതിലധികം കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
കണ്‍സിസ്റ്ററിയുടെ തുടക്കമായി കര്‍ദിനാള്‍മാര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ച മാര്‍പ്പാപ്പ, സമാധാനത്തിനും വിശ്വാസത്തിന്റെ ഐക്യത്തിനുമായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു. ലോകത്ത് നിലനില്‍ക്കുന്ന യുദ്ധങ്ങളെയും സംഘര്‍ഷങ്ങളെയും പാപ്പ ശക്തമായി അപലപിച്ചു. യുദ്ധം മനുഷ്യന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നും സ്രഷ്ടാവായ ദൈവം മനുഷ്യന് പ്രത്യേകമായി നല്‍കിയിരിക്കുന്ന ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പാപ്പ പറഞ്ഞു.
പത്രോസിന്റെ ശുശ്രൂഷയില്‍ കര്‍ദിനാള്‍ സംഘത്തിനുള്ള വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയിലെ കൂട്ടായ്മ എന്നത് ഒരിക്കല്‍ മാത്രം നേടിയെടുക്കുന്ന ഒന്നല്ലെന്നും, അത് പ്രാര്‍ത്ഥനയിലൂടെയും പരസ്പരം കേള്‍ക്കാനുള്ള മനസിലൂടെയും ദിവസേന പുതുക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. തന്റെ ദൗത്യത്തില്‍ കര്‍ദിനാള്‍മാരുടെ അനുഭവസമ്പത്തും ജ്ഞാനവും അത്യാവശ്യമാണെന്ന് വ്യക്തമാക്കിയ പാപ്പ ഒരു സഹോദരനെപ്പോലെ കര്‍ദിനാള്‍മാര്‍ തന്നെ താങ്ങിനിറുത്തണമെന്ന് ആവശ്യപ്പെട്ടു.
മാര്‍പാപ്പ അടുത്തിടെ പുറത്തിറക്കിയ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കിയാണ് രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ അന്തസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനം, ആഗോള സമാധാനം, സിനഡല്‍ പ്രക്രിയയുടെ പ്രായോഗികത എന്നീ നാല് മേഖലകളിലാണ് കണ്‍സിസ്റ്ററി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

