
ഡെറി സിറ്റി/വടക്കന്‍ അയര്‍ലന്‍ഡ്: ഫാത്തിമയും ലൂര്‍ദും ഉള്‍പ്പടെ 15 പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഒരേസമയം നടത്തിയ ‘ആഗോള മരിയന്‍ ദിവ്യകാരുണ്യ പ്രഘോഷണ പദയാത്ര’ ചരിത്രത്തില്‍ ഇടംപിടിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെറി സിറ്റി കേന്ദ്രീകരിച്ചാണ്, ലോകമെമ്പാടും ഒരേ സമയം ഈ ദിവ്യകാരുണ്യ പ്രദക്ഷിണം ഏകോപിപ്പിച്ചത്.
വിശുദ്ധ അന്തോണീസിന്റെ തിരുനാളും, മറിയത്തിന്റെ വിമലഹൃദയ തിരുനാളും ഒത്തുചേര്‍ന്ന ജൂണ്‍ 13-ന് ഡെറി സിറ്റിയില്‍ നടന്ന പദയാത്രയില്‍ ആറായിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 550-ലധികം ഇടവകകളും 15 പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ ആഗോള പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളികളായി. ഫാത്തിമ (പോര്‍ച്ചുഗല്‍), ലൂര്‍ദ്, ലാസലറ്റ്, പോണ്ട്‌മെയിന്‍ (ഫ്രാന്‍സ്), ഗരബന്തല്‍ (സ്‌പെയിന്‍), ബോറെയിംഗ് (ബെല്‍ജിയം), അയര്‍ലന്‍ഡിലെ നോക്ക് തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും, ഫാത്തിമയില്‍ മരിയന്‍ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ജീവിച്ചിരുന്ന പോര്‍ച്ചുഗലിലെ കോയിമ്പ്ര കോണ്‍വെന്റും ഈ ആഗോള ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ ഭാഗമായി.
‘ഗാര്‍ഡിയന്‍സ് ഓഫ് ദി ഫെയ്ത്ത്’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാരി മാലറ്റ് എന്ന വിശ്വാസിയുടെ ഒരു വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ ആഗോള സംരംഭത്തിന് പിന്നില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡെറിയില്‍ നടത്തിയ ദിവ്യകാരുണ്യ പദയാത്രകള്‍ പുറപ്പെടുവിച്ച ആത്മീയ ഫലങ്ങളാണ് ഈ യജ്ഞത്തിന് ബാരിയെ പ്രേരിപ്പച്ചത്. ‘വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും, നിരവധി യുവാക്കള്‍ സന്യാസ-പൗരോഹിത്യ വഴിയിലേക്ക് കടന്നുവരികയും ചെയ്തു. പ്രത്യേകിച്ച് ‘ജെന്‍ സി’ തലമുറയിലെ യുവാക്കള്‍ക്കിടയില്‍ വിശ്വാസപരമായ വലിയൊരു മാറ്റം ദൃശ്യമാണ്,’ ബാരി പറഞ്ഞു.
ആര്‍ച്ചുബിഷപ് ഏമന്‍ മാര്‍ട്ടിന്‍ അയര്‍ലന്‍ഡിനെ ഈശോയുടെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമലഹൃദയത്തിനും പുനഃപ്രതിഷ്ഠിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മ സാധ്യമായത് എന്നത് ദൈവനിയോഗമാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

