‘നാണക്കേടിന്‍റെ തീരം’ ഇനി ‘കരുണയുടെ തുറമുഖം’ ! ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം സഫലീകരിക്കാന്‍ ലിയോ പാപ്പ

Pope to visit Canaria island

സ്‌പെയിനിലെ ഗ്രാന്‍ കനാരിയ ദ്വീപിലെ ‘അര്‍ഗ്വിനെഗ്വിന്‍’ തുറമുഖം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ജൂണ്‍ 11-ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഈ തുറമുഖം സന്ദര്‍ശിക്കുമ്പോള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടക്കാതെ പോയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടെയായി അത് മാറും.

കേവലം 656 അടി മാത്രം നീളമുള്ള ചെറിയ തുറമുഖമാണ് ‘അര്‍ഗ്വിനെഗ്വിന്‍’. 2020 കോവിഡ് കാലഘട്ടത്തില്‍, അതിന്റെ സംഭരണശേഷിയേക്കാള്‍ ആറിരട്ടിയിലധികം, അതായത് 2,600-ലധികം മനുഷ്യര്‍ ആഹാരവും വെള്ളവുമില്ലാതെ, കത്തുന്ന വെയിലിലും കൊടും തണുപ്പിലും തിങ്ങിപ്പാര്‍ത്ത ഇടം. ആഫ്രിക്കന്‍ തീരങ്ങളില്‍ നിന്ന് കടല്‍ കടന്നെത്തിയ ആയിരങ്ങളുടെ കണ്ണീരിനും കഷ്ടപ്പാടിനും മുന്നില്‍ അധികൃതരും നിസഹായരായതോടെ ക്രിസ്തുവിന്റെ മുഖമായ സഭയാണ് ഇവര്‍ക്ക് സഹായഹസ്തവുമായി മുമ്പോട്ട് വന്നത്.

സഭകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മറന്ന് ഇതര ക്രൈസ്തവ സഭകളും ഈ കാരുണ്യപ്രവൃത്തിയില്‍ പങ്കുചേര്‍ന്നു. 2020 മുതല്‍ ഇന്നുവരെ 22,000-ത്തിലധികം അഭയാര്‍ത്ഥികള്‍ക്കാണ് കാരിത്താസ് ഇവിടെ തണലൊരുക്കിയത്. 2020-ല്‍ ഇവിടെയുള്ള വ്യാകുലമാതാവിന്റെയും വിശുദ്ധ അഗതയുടെയും ഇടവകദൈവാലയത്തില്‍ വികാരിയായെത്തിയ ഫാ. അഡ്രിയാന്‍ സോസ ഇത്തരത്തില്‍ ഒരഭയാര്‍ത്ഥിയെ തന്റെ കൂടെ താമസിപ്പിച്ച വ്യക്തിയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ഫ്രത്തേല്ലി തൂത്തി’ (എല്ലാവരും സഹോദരങ്ങള്‍) എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്. പാവപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ ആ ചാക്രികലേഖനം വലിയ പ്രചോദനമായെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

2020 മുതല്‍ ഇന്നുവരെ 19,000-ത്തിലധികം മനുഷ്യരുടെ ജീവനാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഈ അറ്റ്ലാന്റിക് കടല്‍പ്പാതയില്‍ പൊലിഞ്ഞത്. ദാരിദ്ര്യത്തില്‍ നിന്നും യുദ്ധങ്ങളില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും രക്ഷപെടാന്‍ ആഫ്രിക്കന്‍ തീരത്തുനിന്നും പുറപ്പെടുന്ന ഇവരുടെ യാത്രകള്‍ പലപ്പോഴും മരണക്കെണികളാണ്. ഒരാഴ്ചയോളം നീളുന്ന യാത്രയ്ക്കിടയില്‍ രോഗബാധിതരാകുന്നവരെ ജീവനോടെയോ അല്ലാതെയോ കടലിലേക്ക് എറിഞ്ഞുകളയേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളാണ് അതിജീവിച്ചവര്‍ക്ക് പറയാനുള്ളത്.

ക്രിസ്തുവിന്റെ കരുണയുടെ സന്ദേശവുമായി ലിയോ 14-ാമന്‍ ഇവിടെ കാലുകുത്തുമ്പോള്‍ വിദ്വേഷത്തിന്റെയും അവഗണനയുടെയും ‘നാണക്കേടിന്റെ തീരം’ എന്ന് വിളിക്കപ്പെട്ട ആ മണ്ണില്‍ പ്രത്യാശയുടെയും കാരുണ്യത്തിന്റെയും പുതിയൊരു സൂര്യോദയത്തിന് വഴിതുറക്കുകയാണ്. നിയമിരുദ്ധമായ കുടിയേറ്റം നിയന്ത്രിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ലെങ്കിലും അതിജീവനത്തിനായുള്ള നെട്ടോട്ടത്തിനിടയില്‍ തങ്ങളുടെ മുമ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെ നോവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണടയ്ക്കാന്‍ ക്രിസ്തുവിന്റെ ശിഷ്യന് ഒരിക്കലുമാവില്ലെന്ന് ലിയോ പാപ്പയുടെ ഈ സന്ദര്‍ശനം ലോകത്തോട് വിളിച്ചുപറയുന്നു.

ഗ്രാന്‍ കനാരിയ ദ്വീപിലെ ആ ചെറിയ മണ്‍തിട്ട ഇനി ‘നാണക്കേടിന്റെ തീരം’-എന്ന ദുഷ്‌പ്പേര് വഹിക്കേണ്ടതില്ല. കത്തോലിക്ക സഭയിലൂടെയും പാപ്പയിലൂടെയും തൊട്ടറിഞ്ഞ ദൈവസ്‌നേഹത്തിന്റെയും കരുതലിന്റെയും കഥകള്‍ ആ തുറമുഖത്തെ അടയാളപ്പെടുത്തട്ടെ.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.