
11 മക്കള്‍, 68 കൊച്ചുമക്കള്‍ അവരുടെ 109 ചെറുമക്കള്‍, അമ്മമാരുടെ ഉദരത്തിലുള്ള 11 ഗര്‍ഭസ്ഥശിശുക്കള്‍… ജീനും ഡൊറോത്തിയും ദൈവത്തിന് മുന്നില്‍ നന്ദിയോടെ കൈകൂപ്പി! ദൈവാനുഗ്രഹത്തിന്റെ 70 സംവത്സരങ്ങള്‍ക്ക്..
യുഎസിലെ ഒഹിയോ സംസ്ഥാനത്ത് നിന്നുള്ള ജീനിന്റെയും ഡൊറോത്തിയുടെയും 70-ാം വിവാഹവാര്‍ഷികം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വൈദികനായ ചെറുമകന്റെ കാര്‍മികത്വത്തില്‍ ഒഹിയോയിലെ സെന്റ് റിമി ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മക്കളും കൊച്ചുമക്കളുമെല്ലാം ചേര്‍ന്ന് 201 അംഗങ്ങളുള്ള ആ കുടുംബത്തിലെ ഭൂരിഭാഗമംഗങ്ങളും പങ്കുചേര്‍ന്നു. അള്‍ത്താര ശുശ്രൂഷകരായതും ഗാനശുശ്രൂഷ നടത്തിയതും എല്ലാം കുടുംബാംഗങ്ങള്‍ തന്നെ. ജീവന്റെ സമൃദ്ധിയോടൊപ്പം സ്‌നേഹത്തിന്റെ സമൃദ്ധികൂടി ചേര്‍ന്നപ്പോള്‍ ദിവ്യബലിയും തുടര്‍ന്നുള്ള നിമിഷങ്ങളും കുടുംബത്തിന് സ്വര്‍ഗീയ അനുഭവമായി മാറി.
ജീനിന് 22 വയസ്സും ഡൊറോത്തിക്ക് 20 വയസ്സുമുള്ളപ്പോഴായിരുന്നു ഇവരുടെ വിഹാം. 1950-കളില്‍, വിവാഹം കഴിച്ച ഇവര്‍ക്ക് അപ്പോള്‍ തന്നെ തങ്ങള്‍ക്ക് പ്രായം അല്‍പ്പം കൂടിപ്പോയി എന്നാണ് കരുതിയിരുന്നത്. ജീന്‍ സൈന്യത്തിലായിരുന്നതിനാല്‍, ഈ ദമ്പതികള്‍ ജര്‍മ്മനിയിലെ ഒരു താവളത്തിലേക്ക് മാറി. രണ്ടുപേരും വലിയ കുടുംബങ്ങളില്‍ നിന്നാണ് വന്നത്. ജീന്‍ 14 മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു, ഡൊറോത്തി പത്തുപേരില്‍ നാലാമത്തവളും. ‘ഞങ്ങള്‍ ഞങ്ങളെക്കുറിച്ചുള്ള ദൈവഹിതം സ്വീകരിച്ചു. ദൈവത്തിന്റെ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു,’ ജീന്‍ പറഞ്ഞു,
ജര്‍മ്മനിയിലായിരിക്കുമ്പോള്‍ ദൈവദാസിയായ തെരേസ് ന്യൂമാനെ കാണാനും ഇവര്‍ക്ക് അവസരം ലഭിച്ചു. 1950-കളുടെ അവസാനത്തില്‍, മഴയുള്ള ഒരു ദുഃഖവെള്ളിയാഴ്ചയാണ് ഈ ദമ്പതികള്‍ ആ മിസ്റ്റിക്കിനെ സന്ദര്‍ശിച്ചത്. ആ ഹ്രസ്വമായ കൂടിക്കാഴ്ചയെ തങ്ങളുടെ ജീവിതത്തിലെ ഒരു അനുഗ്രഹ നിമിഷമായാണ് ഇവര്‍ കാണുന്നത്. ദൈവദാസിയുടെ മധ്യസ്ഥം തങ്ങളുടെ ദാമ്പത്യജീവിതത്തെയും കുടുംബജീവിതത്തെയും തുണച്ചതായി അവര്‍ വിശ്വസിക്കുന്നു. ആ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അവരുടെ മൂത്തമകള്‍ ഏഞ്ചല ജനിക്കുന്നത്. തുടര്‍ന്ന് പത്ത് മക്കള്‍ കൂടി അവര്‍ക്ക് ജനിച്ചു. അതിനുശേഷം കുടുംബം ഒഹായോയിലെ സെന്റ് റെമി ഇടവകയ്ക്ക് അടുത്തുള്ള ഒരു ഫാമിലേക്ക് മാറി. ഗ്രാമീണ പശ്ചാത്തലത്തില്‍ മക്കളെ വളര്‍ത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ‘അവര്‍ക്ക് എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടാകും, അവര്‍ എവിടെയാണെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടി വന്നിട്ടില്ല,” ജീന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
കഠിനാധ്വാനം, നേരുള്ള സ്വഭാവം, ഉദാരമായ അതിഥിസല്‍ക്കാരം, ദൈവത്തിലുള്ള ആഴമായ വിശ്വാസം എന്നീ മൂല്യങ്ങള്‍ വളര്‍ത്താന്‍ പറ്റിയതായിരുന്നു ആ ഫാം ജീവിതം. ഇത് മക്കള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് നേരിട്ട് കണ്ടുപഠിക്കാന്‍ സാധിച്ചു. രാത്രിയിലെ അത്താഴത്തിന് ശേഷം അടുക്കളയില്‍ മുട്ടുകുത്തിനിന്ന് ജപമാല ചൊല്ലുന്നത് ഇവരുടെ കുടുംബത്തിന്റെ പതിവാണ്. ആ ശീലം ഇന്നും കുടുംബത്തില്‍ തുടര്‍ന്നുപോരുന്നു.
പതിറ്റാണ്ടുകളുടെ കഠിനാധ്വാനം, അത്താഴത്തിന് ശേഷം അടുക്കളയില്‍ മുട്ടുകുത്തി നിന്നുള്ള ജപമാല പ്രാര്‍ത്ഥന, പരസ്പരവിശ്വാസം ഇതാണ് ജീന്റെയും ഡൊറോത്തിയുടെയും വിജയരഹസ്യം. ജീന്‍ പറയുന്നതുപോലെ, ‘സ്‌നേഹത്തിന്റെ പരകോടിയാണ് ഒരു കുട്ടി.’ നൂറിലധികം കുട്ടികള്‍ വന്നിട്ടും, ഇന്നും ഒരു പുതിയ കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നറിയുമ്പോള്‍ ഡൊറോത്തി ഒരു ചെറിയ കുട്ടിയെപ്പോലെ തുള്ളിച്ചാടും!
വിവാഹം എന്ന ദൈവവിളിയുടെ സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ജീനും ഡൊറോത്തി റിച്ചാര്‍ഡും. ദൈവത്തിന്റെ പദ്ധതികളോടുള്ള തുറവിയിലൂടെ കുടുംബജീവിതത്തിന്റെ ആനന്ദം തങ്ങളുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അവര്‍ പകര്‍ന്നു നല്‍കി. ഈ ദമ്പതികളുടെ ക്രൈസ്തവ മൂല്യങ്ങള്‍ നിറഞ്ഞ ജീവിതം, വളര്‍ന്നുവരുന്ന തമുറയ്ക്ക് മാതൃകയായി മാറട്ടെ.

