
പോംപെ/ഇറ്റലി: ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള ‘ടെംപിള്‍ ഓഫ് ചാരിറ്റിയില്‍’ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെയും യുവാക്കളെയും പാപ്പ അഭിസംബോധന ചെയ്തു. തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തുന്ന കാരുണ്യപ്രവൃത്തികളിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുദിനം അനുഭവവേദ്യമാകുമെന്ന് പാപ്പ പറഞ്ഞു. എല്ലാ കാരുണ്യപ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം പ്രാര്‍ത്ഥനയായിരിക്കണം. പ്രാര്‍ത്ഥന ശുശ്രൂഷയെയും സ്‌നേഹത്തെയും പ്രതിബദ്ധതയെയും പരിപോഷിപ്പിക്കുന്നു. സ്‌നേഹത്തിലൂടെ എല്ലാ പ്രതീക്ഷകളെയും അതിശയിപ്പിക്കുന്ന അത്ഭുതങ്ങള്‍ സംഭവിക്കുന്നു.
യേശു നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്യാത്ത സുഹൃത്തും നമ്മെ മനസിലാക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്ന സഹോദരനുമാണെന്ന് പാപ്പ യുവാക്കളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിശുദ്ധനായി പ്രഖ്യാപിച്ച ബാര്‍ട്ടലോ ലോംഗോയുടെ പാത പിന്തുടര്‍ന്ന് പാവപ്പെട്ടവരിലും അനാഥരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

