
മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ഇക്വറ്റോറിയല്‍ ഗിനിയിലെ മലബോയില്‍ ആരംഭിച്ച ലിയോ പതിനാലാമന്‍ കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തപ്പോള്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന വേറിട്ടൊരു കാഴ്ചയായി മാറി. അവിടുത്തെ നാഷണല്‍ യൂണി വേഴ്‌സിറ്റിയിലാണ് ഈ കാമ്പസ്. മലാബോയിലെ ‘ലിയോ പതിനാലാമന്‍’ യൂണിവേഴ്‌സിറ്റി കാമ്പസ് ഉദ്ഘാടനം രാജ്യത്തെ സാംസ്‌കാരിക ലോകവുമായുള്ള സംവദിക്കലുകൂടിയായി മാറി. പാപ്പ കാമ്പസില്‍ എത്തിയപ്പോള്‍ സ്പാനിഷില്‍ അദ്ദേഹത്തിന്റെ പേരുചേര്‍ത്തു പാടി ആര്‍പ്പുവിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്.
പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കെട്ടിട ങ്ങളും വസ്തുക്കളുമല്ല ജീവിക്കുന്ന ഒരു സംവിധാനമാണ് രൂപപ്പെടുന്നത്. പ്രത്യാശയുടെയും കണ്ടുമുട്ട ലുകളുടെയും പുരോഗതിയുടെയും ഇടമാണ് പുതിയ യൂണിവേഴ്‌സിറ്റി കാമ്പസ് തുറക്കുന്നതിലൂടെ ലഭിക്കു ന്നതെന്ന് പാപ്പ പറഞ്ഞു.
യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യവും സ്വഭാവവും മനസിലാക്കാന്‍ വൃക്ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് പറഞ്ഞ പാപ്പാ, ഇക്വറ്റോറിയല്‍ ഗിനിയുടെ ദേശീയവൃക്ഷമായ ‘സെയ്ബ’യെപ്പറ്റി പരാമര്‍ശിച്ചു. ആഴത്തില്‍ വേരൂന്നി വളരെ ഉയരത്തില്‍ വളരുന്ന ആ മരംപോലെ, ആധികാരികമായ വിദ്യാഭ്യാസം നല്‍കാനും സത്യത്തെ തേടാനുമുള്ള ഇടമായിരിക്കണം സര്‍വകലാശാലകളെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
ഉത്പത്തിപുസ്തകത്തിലെ അറിവിന്റെ വൃക്ഷവും, ക്രിസ്തുവിന്റെ കുരിശും പാപ്പ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. തങ്ങളെത്തന്നെ അളവുകോലായി കാണാനും, മറ്റാര്‍ക്കും ആവശ്യമില്ലാത്തവരായി ജീവിക്കാനുമുള്ള പ്രവണതയിലെ തിന്മയാണ് പഴയനിയമത്തിലെ വൃക്ഷം കാണിച്ചു തരുന്നത്. രക്ഷയുടെ അടയാളമെന്ന രീതിയില്‍ അതിനെ കാണാനാണ് വിശുദ്ധ കുരിശിലൂടെ ക്രൈസ്തവ പരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്; മാര്‍പാപ്പ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മൂല്യങ്ങള്‍ക്കായിരിക്കണം യൂണിവേഴ്‌സിറ്റികള്‍ പ്രാധാന്യം കല്പിക്കേണ്ടതെന്നും പാപ്പ എടുത്തുപറഞ്ഞു. രാജ്യത്തെ അക്കാദമിക് സമൂഹത്തെ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച മാര്‍പാപ്പ യുവജനങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

