
ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ക്രൈസ്തവ ഗ്രാമമായ ദെബെലില്‍ ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപത്തിന് നേരെ അക്രമം നടത്തിയത് അങ്ങേയറ്റം ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ലബനനില്‍ ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുന്നതിനിടയില്‍, ഒരു ഇസ്രായേല്‍ സൈനികന്‍ യേശുവിന്റെ രൂപം തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും സൈന്യവും ദുഃഖം പ്രകടിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ കണ്ട് താന്‍ അമ്പരന്നുപോയെന്നും അതിയായ ദുഃഖമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും സൈനികന്റെ ഈ പ്രവൃത്തി രാജ്യത്തിന്റെയോ സൈന്യത്തിന്റെയോ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നടപടി സൈന്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐഡിഎഫ് പ്രസ്താവിച്ചു.
സൈനികന്റെ നടപടിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ സംഭവത്തില്‍ ക്രൈസ്തവരോട് മാപ്പ് ചോദിച്ചു.

