ലോകം സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ട 12 വര്‍ഷങ്ങള്‍…  ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഏപ്രില്‍ 21-ന് 1 വര്‍ഷം പൂര്‍ത്തിയാകുന്നു

Pope Francis death anniversary

2013 മാര്‍ച്ച് 13നാണ് ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. നാമഹേതുവിശുദ്ധനായ ഫ്രാന്‍സിസിനെപ്പോലെ തനിക്ക് നേരെ എറിഞ്ഞ ഒരോ കല്ലുകളും സഭയെ കെട്ടിപ്പടുക്കുവാനായി ഉപയോഗിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അന്നുമുതല്‍ അത്ഭുതത്തോടെയാണ് ലോകം നോക്കികാണുന്നത്. മുറിവേറ്റര്‍ക്ക് ഏത് സമയവും കയറി വരുവാന്‍ കഴിയുന്ന ആശുപത്രിയായി സഭ മാറണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സഭയുടെ വാതായനങ്ങള്‍ അദ്ദേഹം എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടു. അങ്ങനെ ഒരിക്കല്‍ സഭ ഉപേക്ഷിച്ചുപോയവരും മറ്റ് മതസ്ഥരും സഭയിലൂടെ ലഭ്യമാകുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് ആകൃഷ്ടരായി. പാപ്പാ ഫ്രാന്‍സിസ് ഇറാക്കില്‍ നടത്തിയ സന്ദര്‍ശനത്തിന്‌ശേഷം പാപ്പായുടെ സാഹദര്യത്തിന്റെ സന്ദേശം ഏറെ ആകര്‍ഷിച്ചെന്നും, പാപ്പായുടെ വാക്കുകളില്‍ പ്രചോദിതയായി ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചും പഠിക്കാനാരംഭിച്ചുവെന്നും കുറിച്ചുകൊണ്ടുള്ള ഇറാക്കിലെ മുസ്ലീം പെണ്‍കുട്ടിയുടെ ട്വീറ്റ് ഇതിന് ഏറ്റവും ശക്തമായ ഉദാഹരണണാണ്.

‘ഇവാഞ്ചലി ഗ്വാഡിയം’

 ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ‘ഇവാഞ്ചലി ഗ്വാഡിയം’ അഥവാ ‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്തോലിക പ്രബോധനം ഇന്നും ഏറെ പ്രസക്തമായി തുടരുന്നു. അടുത്ത കണ്‍സിസ്റ്ററിയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ അടുത്തിടെ ലിയോ പാപ്പ ഈ അപ്പസ്‌തോലിക പ്രബോധനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റെടുത്ത 2013ല്‍ തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചത്. അതിന് മുമ്പ് തന്നെ വത്തിക്കാന്റെ അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ നിന്നും ഗസ്റ്റ് ഹൗസായ കാസാ സാന്താ മാര്‍ത്തയിലേക്ക് താമസം മാറ്റിക്കൊണ്ട് പാപ്പാ തന്റെ പേപ്പസിയുടെ ‘സ്റ്റൈല്‍’ എങ്ങനെയാകുമെന്ന സൂചന നല്‍കിയിരുന്നു. കാസാ സാന്താ മാര്‍ത്തയിലെ ദിവ്യബലി മധ്യേ നല്‍കുന്ന പ്രസംഗങ്ങളിലൂടെ സുവിശേഷത്തിന്റെ സന്തോഷം പകരുന്നതിനാള്ള പാപ്പായുടെ ശ്രമങ്ങള്‍ സെക്കുലര്‍ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതോടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഈ ആദ്യ പാപ്പയെ ലോകം ശ്രദ്ധിക്കാനാരംഭിച്ചു.

ഫ്രാന്‍സിസ് ഇഫെക്ടുകള്‍

കുടുംബങ്ങള്‍ മുഖ്യപ്രമേയമാക്കി നടന്ന അസാധാരണ സിനഡ്  2014ലാണ് നടന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വേര്‍പിരിക്കാനാവാത്ത വിവാഹബന്ധത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുന്ന കുടുംബങ്ങളുടെ മനോഹാരിതയും കുടുംബങ്ങള്‍ക്ക് നല്‍കേണ്ട പല അജപാലന ശുശ്രൂഷകളെക്കുറിച്ചുള്ള വിശദീകരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിനഡാനന്തര അപ്പസ്‌തോലിക ആഹ്വാനമായ ‘അമോരിസ് ലെറ്റീഷ്യ’ ഇതിനെ തുടര്‍ന്ന് 2016 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ രൂപീകരണം, ഇസ്രായേലിന്റെയും പാലസ്തീന്റെയും പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചുകൊണ്ട് വത്തിക്കാന്‍ കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുവിച്ച സമാധാനത്തിനായുള്ള സന്ദേശം, ക്യൂബയും യുഎസും തമ്മില്‍ നയതന്ത്രബന്ധം പുനരാംരഭിക്കുവാന്‍ നടത്തിയ സുപ്രധാനമായ ഇടപെടല്‍ എന്നിവയായിരുന്നു മറ്റ് ചില പ്രധാന ‘ഫ്രാന്‍സിസ് ഇഫെക്ടുകള്‍’.

2015ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യചാക്രികലേഖനമായ ലൗദാത്തോ സി പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന ഈ ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് ‘സൃഷ്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രാര്‍ഥിക്കാനുള്ള’ ആഗോള എക്യുമെനിക്കല്‍ പ്രാര്‍ഥനാദിനമായി സെപ്റ്റംബര്‍ ഒന്ന് പ്രഖ്യാപിച്ചു.

ചൈനയുമായി കരാര്‍

2016ല്‍ പ്രഖ്യപിച്ച കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ ഒരു ഹൈലൈറ്റ് തന്നെയായിരുന്നു. ‘പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുക’ എന്ന പ്രമേയവുമായി ആഘോഷിച്ച ഈ ജൂബിലിയിലെ വെള്ളിയാഴ്ചകളില്‍ പാപ്പാ നേരിട്ട്  നടത്തിയ കരുണയുടെ പ്രവൃത്തികള്‍ ലോകത്തിന് മുഴുവന്‍ മാതൃകയായി. ഇതേവര്‍ഷം തന്നെ ക്യൂബയില്‍ വച്ച് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ട് സംയുക്തപ്രഖ്യാപനത്തില്‍ പാപ്പ ഒപ്പുവച്ചു.

2017ലാണ് ആദ്യമായി വേള്‍ഡ് ഡേ ഓഫ് ദി പുവര്‍ ആചരിക്കുന്നത്. 2017 സെപ്റ്റംബര്‍ 20ന് ആണാവായുധങ്ങള്‍ നിരോധിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയില്‍ ഒപ്പുവച്ചുകൊണ്ട് ഈ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി വത്തിക്കാന്‍ മാറി. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2018ല്‍ ചൈനയുമായി ഒപ്പുവച്ച താല്‍ക്കാലിക ഉടമ്പടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള വത്തിക്കാന്റെ ഒരു സുപ്രധാന നയതന്ത്രവിജയമായിരുന്നു. 2020ല്‍ ഈ ഉടമ്പടി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. യുവജനസിനഡായിരുന്നു അജപാലനതലത്തില്‍ 2018ലെ പ്രധാനം സംഭവം. വിശ്വാസം തത്വത്തിലൊതുങ്ങേണ്ടതല്ലെന്നും പ്രായോഗിക തലത്തില്‍ ജീവിക്കേണ്ടതാണെന്നും പാപ്പാ യുവജനങ്ങളോട് പറഞ്ഞു. 2019ല്‍ ഒപ്പുവച്ച സിനഡാനന്തര അപ്പസ്‌തോലിക ലേഖനമായ ‘ക്രിസ്തസ് വിവത്തിലും’ പാപ്പ ഈ ആഹ്വാനം ആവര്‍ത്തിക്കുന്നു.

ലോകമനഃസാക്ഷിയെ സ്വാധീനിച്ച ചിത്രം

‘മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമായുള്ള’ രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസര്‍ ഗ്രാന്റ് ഇമാമും ഒപ്പുവയ്ക്കുന്നത് 2019 ഫെബ്രുവരി നാലിനാണ്. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിച്ചുകൊണ്ട് ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരുമിച്ച് മുമ്പോട്ട് പോകുന്നതില്‍ നാഴികക്കലായി ഈ രേഖ മാറി. ദക്ഷിണസുഡാനിലെ നേതാക്കളുടെ കാലില്‍ ചുംബിച്ചുകൊണ്ട് അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യാചിക്കുന്ന ചിത്രം ഈ നേതാക്കളുടെ മാത്രമല്ല ലോക മനഃസാക്ഷിയെ തന്നെ പിടിച്ചുകുലുക്കിയ ശക്തമായ ഒരു ചിത്രമായിരുന്നു.

എല്ലാ പ്രമുഖ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം 2019ല്‍ വത്തിക്കാനില്‍ വച്ച് നേതാക്കള്‍ക്കായി സംഘടിപ്പിച്ച ധ്യാനത്തിലാണ് നടന്നത്. അയര്‍ലണ്ടില്‍ നടത്തിയ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ശേഷം സഭയിലൂടെ സംഭവിച്ച എല്ലാ തെറ്റുകള്‍ക്ക് വേണ്ടിയും പാപ്പാ മാപ്പപേക്ഷിച്ചത് ഹൃദയസ്പര്‍ശിയായ മറ്റൊരു സംഭവമായിരുന്നു. വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകളടങ്ങിയ ഒരു പേടകം കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസായ ബര്‍ത്തലൊമേവ് പ്രഥമന് നല്‍കിക്കൊണ്ട് സഭൈക്യരംഗത്ത് പാപ്പാ പുത്തന്‍ കാല്‍വയ്പ്പു നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തിനായി വത്തിക്കാനില്‍ നടത്തിയ സമ്മേളനവും ശ്രദ്ധിക്കപ്പെട്ടു.

മഹാമാരി കാലത്തെ ആശ്വാസം

ജനങ്ങളെ ഭവനങ്ങളുടെ അകത്തളങ്ങളിലേക്ക് ചുരുക്കിക്കൊണ്ട് കോവിഡ് മഹാമാരി സംഹവതാണ്ഡമാടിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥനയിലൂടെയും പ്രസംഗങ്ങളിലൂടെയും വിശ്വാസ സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്നു. 2020 മാര്‍ച്ച് 27ന്  വിജനമായ സെന്റ് പീറ്റേഴ്‌സ് ചത്വരിത്തില്‍ ചാറ്റല്‍മഴയെ അവഗണിച്ചുകൊണ്ട് പാപ്പാ നടത്തിയ പ്രസംഗം മഹാമാരിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇരകളായവര്‍ക്കും ഭയപ്പെട്ട് കഴിഞ്ഞവരുമായ നിരവധിയാളുകള്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി 2019ല്‍ വത്തിക്കാനില്‍ നടത്തിയ പ്രത്യേക സിനഡിനെ തുടര്‍ന്നുള്ള സിനഡാനന്തര അപ്പസ്‌തോലിക ആഹ്വാനവും 2020ല്‍ പാപ്പ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തിയിലൂടെ മതങ്ങള്‍ക്കതീതമായ സാഹോദര്യം പുലര്‍ത്താനും സാമൂഹ്യ സൗഹൃദങ്ങള്‍ സൃഷ്ടിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.

യുദ്ധം തകര്‍ത്ത ദക്ഷിണ സുഡാനില്‍ സമാധാനത്തിന്റെ സന്ദേശവുമായി  2023-ല്‍ പാപ്പ നടത്തിയ യാത്ര ഏറെ ശ്രദ്ധേയമായി. മുന്‍പ് അവിടുത്തെ നേതാക്കളുടെ പാദങ്ങള്‍ ചുംബിച്ച് സമാധാനത്തിനായി അപേക്ഷിച്ച പാപ്പ,  ആ ജനതയെ ചേര്‍ത്തുപിടിക്കാനായി ഒരിക്കല്‍ കൂടെ ദക്ഷിണസുഡാനിലേക്ക് എത്തുകയായിരുന്നു.

അവസാന പൊതുദര്‍ശനം

അവസാന വര്‍ഷങ്ങളില്‍ ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും, റോമിലെ ജയിലുകള്‍ സന്ദര്‍ശിക്കാനും തടവുകാരുടെ കാലുകള്‍ കഴുകി ചുംബിക്കാനും പാപ്പ ശ്രദ്ധിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കരുതല്‍ ആ പേപ്പസിയെ ആദ്യാവസാനം അടയാളപ്പെടുത്തിയ ഹൃദ്യമായ കാഴ്ചയായി. തന്റെ അവസാന നാളുകളില്‍ കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോട് പാപ്പ മല്ലിട്ടു.

 2025-ലെ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ ആശീര്‍വാദമാണ് അദ്ദേഹത്തിന്റെ അവസാന പൊതുദര്‍ശനം. അന്ന് ഏറെ തളര്‍ന്നവനായി കാണപ്പെട്ട പാപ്പ സ്വന്തം ആരോഗ്യം വകവയ്ക്കാതെ പോപ്പ്മൊബീലില്‍ വത്തിക്കാന്‍ ചത്വരത്തിലൂടെ സഞ്ചരിച്ച് ജനങ്ങളെ ആശീര്‍വദിച്ചു. തന്റെ അജഗണത്തിന് വേണ്ടി അവസാന തുള്ളി രക്തം വരെയും ചിന്തിയ യേശുവിന്റെ  പാതയില്‍ ചരിച്ച പാപ്പ പിറ്റേന്ന്, ഏപ്രില്‍ 21-ന് (ഈസ്റ്റര്‍ തിങ്കള്‍) 88-ാം വയസില്‍ പാപ്പ നിത്യപിതാവിന്റെ സവിധത്തിലേക്ക് യാത്രയായി.

Related Articles
Monsignor C.J. Varkeyachan 17th death anniversary

ക്രിസ്തുവിന്റെ മനസ് അറിഞ്ഞ മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ യാത്രയായിട്ട് ഇന്ന് 17 വര്‍ഷം

ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എംഎസ്എംഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ മോണ്‍.സി.ജെ വര്‍ക്കി കുഴികുളം നിത്യസമ്മാനത്തിനായി യാത്രയായിട്ട് ഇന്ന് (ജൂണ്‍ 24)

Read More »
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.