
ഒട്ടാവ/കാനഡ: കാനഡയിലെ മതസ്വാതന്ത്ര്യത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് വിവാദമായ വിദ്വേഷ വിരുദ്ധ ബില്‍ ‘സി 9’ ഹൗസ് ഓഫ് കോമണ്‍സില്‍ പാസായി. 2026 മാര്‍ച്ച് 25-ന് നടന്ന വോട്ടെടുപ്പില്‍ 144-നെതിരെ 188 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ ഇനി അവസാന വട്ട പരിശോധനയ്ക്കായി സെനറ്റിലേക്ക് അയക്കും.
മതപരമായ പ്രസംഗങ്ങള്‍ക്കുള്ള പരിരക്ഷ നീക്കം ചെയ്യുന്ന ഭേദഗതി ഉള്‍പ്പെടുന്ന ബില്‍ നിയമമായാല്‍ ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ക്രൈസ്തവ പ്രബോധനങ്ങളും ബൈബിള്‍ വചനങ്ങളും ഉദ്ധരിക്കുന്നത് പോലും കുറ്റകരമായി മാറിയേക്കാം. മതപരമായ ചടങ്ങുകളില്‍ നല്‍കുന്ന പ്രബോധനങ്ങളും ബൈബിള്‍ ഉദ്ധരണികളോ പോലും മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കണക്കാക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബില്‍ ഭേദഗതി ചെയ്യാനും മതസ്വാതന്ത്ര്യം ഉറപ്പാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ടൊറന്റോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫ്രാങ്ക് ലിയോ, കാനഡയിലെ സെനറ്റര്‍മാര്‍ക്ക് കത്തയച്ചു. മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന വാക്കുകളും പ്രസംങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമ്പോള്‍ തന്നെ വിശ്വാസം പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിദ്വേഷ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ബില്‍ ഭേദഗതി ചെയ്യുവാന്‍ കര്‍ദിനാള്‍ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.
ഈ ബില്‍ ഈ വിധത്തില്‍ നിയമമാക്കുന്നതിനെതിരെ കാനഡയിലെ കത്തോലിക്ക മെത്രാന്‍ സമതി നേരത്തെ തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതിനെ തടയാന്‍ സെനറ്റര്‍മാരെ ഫോണിലൂടെയും ഇമെയില്‍ വഴിയും ബന്ധപ്പെടാന്‍ കണ്‍സര്‍വേറ്റീവ് നേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

