
വത്തിക്കാന്‍ സിറ്റി: ആംഗ്ലിക്കന്‍ സഭയുടെ പുതിയ അധ്യക്ഷയായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ് ഡെയിം സാറാ മുള്ളാലിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഏപ്രിലില്‍ നടക്കും. ഏപ്രില്‍ 25 മുതല്‍ 28 വരെ ആര്‍ച്ച് ബിഷപ് റോം സന്ദര്‍ശിക്കുന്ന വേളയിലായിരിക്കും മാര്‍പാപ്പയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച.
ആംഗ്ലിക്കന്‍ സഭയുടെ അധ്യക്ഷയും കാന്‍റബറി രൂപതയുടെ 106-ാമത് ആര്‍ച്ച് ബിഷപ്പുമായി സാറാ മുള്ളാലി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെയാണ് പാപ്പയുമായുളള സന്ദര്‍ശനവിവരം പുറത്തുവന്നത്. ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യവും സഹകരണവും ലക്ഷ്യമിട്ടാണ് ഈ സന്ദര്‍ശനം.
1966 മാര്‍ച്ച് 24-ന് പോള്‍ ആറാമന്‍ മാര്‍പാപ്പയും ആര്‍ച്ച് ബിഷപ് മൈക്കല്‍ റാംസിയും ചേര്‍ന്ന് ഒപ്പിട്ട ചരിത്രപരമായ ‘സംയുക്ത പ്രഖ്യാപനത്തിന്റെ’ 60-ാം വാര്‍ഷിക വേളയിലാണ് ഈ പുതിയ സഭൈക്യ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി കാന്‍റബറി കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കുര്‍ട്ട് കോക്ക് പങ്കെടുത്തു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ അയച്ച ആശംസാ സന്ദേശം കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ്പിന് കൈമാറി.
സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ സംവാദത്തിന് വത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാര്‍പാപ്പ ഉറപ്പുനല്‍കി. ദൈവഹിതമനുസരിച്ച് പൂര്‍ണ്ണമായ സഭൈക്യത്തിന് ആഗ്രഹിക്കുന്നതായി സാറാ മുള്ളാലിയും പറഞ്ഞു.മാര്‍പാപ്പയുമായുളള കൂടിക്കാഴ്ച ഇരു സഭകളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും ആഗോള ക്രൈസ്തവ കൂട്ടായ്മയില്‍ സഭൈക്യത്തിനു കാരണമാക്കുമെന്നുമാണ് സഭാവക്താക്കളുടെ അഭിപ്രായം.

