
താമരശേരി: നാല്‍പതാം വെള്ളിയോടനുബന്ധിച്ച് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണ് തീര്‍ത്ഥാടനമെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
ഇന്നലെ (മാര്‍ച്ച് 26) രാത്രി പത്തോടെ താമരശേരി മേരിമാതാ കത്തീഡ്രലില്‍നിന്ന് ആരംഭിച്ച കാല്‍നട തീര്‍ത്ഥാടനം കോരങ്ങാട്, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലൂടെ 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കുളത്തുവയലില്‍ എത്തിയത്. മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.
മരുതോങ്കരയില്‍നിന്ന് കുളത്തുവയലിലേക്ക് ആംരഭിച്ച തീര്‍ത്ഥാടനത്തിന് മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയില്‍ നേതൃത്വം നല്‍കി. പശുക്കടവ്, ചെമ്പനോട, പൂഴിത്തോട്, കുണ്ടുതോട്, മുതുകാട്, പെരുവണ്ണാമൂഴി, പടത്തുകടവ്, ചക്കിട്ടപാറ ഇടവകകള്‍ പങ്കുചേര്‍ന്നു.
ഇന്നു (മാര്‍ച്ച് 27) രാവിലെ എട്ടുമണിയോടെ തീര്‍ത്ഥാടക സംഘം കുളത്തുവയലില്‍ എത്തിച്ചേര്‍ന്നു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ സമാപന സന്ദേശം നല്‍കി.
തുടര്‍ന്നു നടന്ന ദിവ്യബലിക്ക് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. തോമസ് കളരിക്കല്‍, ഫാ. വിന്‍സെന്റ് കണ്ടത്തില്‍, ഫാ. ജോസഫ് ചുണ്ടയില്‍, ഫാ. മാത്യു മുളങ്ങാശേരി, ഫാ. ജോസ് വടക്കേടം, ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

