
2010-ൽ നിലവിൽവന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA), തുടർച്ചയായ ഭേദഗതികളിലൂടെ ഇന്ന് സ്ഥാപനങ്ങളുടെയും ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളുടെയും ശ്വാസം മുട്ടിക്കുന്ന ഒരു നീരാളിപ്പിടുത്തമായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ദേശീയ താൽപ്പര്യവും സുരക്ഷയും മുൻനിർത്തി വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങളുടെ വിനിയോഗം നിയന്ത്രിക്കാനായി നടപ്പാക്കിയ ഈ നിയമം, 2016, 2018, 2020 വർഷങ്ങളിൽ പരിഷ്കരിക്കപ്പെട്ടിരുന്നു. ഓരോ തവണയും കൂടുതൽ കർശനവും ദുഷ്കരവുമായ വ്യവസ്ഥകൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരുന്ന ഈ നിയമത്തിന്റെ പുതിയ പരിഷ്കരണ ബിൽ 2026 മാർച്ച് 25ന് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, അത് കേവലം ഒരു നിയമ പരിഷ്കരണമെന്നതിലുപരി, ദശകങ്ങളായി പൊതുസമൂഹത്തിനായി പടുത്തുയർത്തപ്പെട്ട സേവനകേന്ദ്രങ്ങൾ പലതും അനീതിപരമായി കണ്ടുകെട്ടാനുള്ള ആയുധമായി മാറുകയാണ്. ലോകമെമ്പാടുമുള്ള സുമനസുകളുടെ ധനസഹായത്തോടെ നിർമ്മിച്ച സ്കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും മറ്റും നിസ്സാരമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഏറ്റെടുക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന ഈ നിയമം, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മേലുള്ള കനത്ത പ്രഹരമാണ്.
ആസ്തികൾ പിടിച്ചെടുക്കുന്നതിലെ നിയമപരമായ ചതിക്കുഴികൾ
പുതിയ ബില്ലിലെ ഏറ്റവും ആശങ്കാജനകമായ ഭാഗം ആസ്തികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ളതാണ്. ബില്ലിലെ സെക്ഷൻ 16A പ്രകാരം, ഒരു സംഘടനയുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ (Section 14), സ്വയം ഉപേക്ഷിക്കുകയോ (Section 14A), അല്ലെങ്കിൽ കാലാവധി കഴിഞ്ഞിട്ടും പുതുക്കപ്പെടാതിരിക്കുകയോ (Section 14B) ചെയ്താൽ, ആ സംഘടനയുടെ എല്ലാ ആസ്തികളും നിശ്ചയിക്കപ്പെട്ട അതോറിറ്റിയിലേക്ക് (Designated Authority) താൽക്കാലികമായി വന്നുചേരും. ഇതിലെ സെക്ഷൻ 16A (2) പ്രകാരമുള്ള വ്യവസ്ഥ അങ്ങേയറ്റം അനീതി നിറഞ്ഞതാണ്; ഒരു ആസ്തി ഭാഗികമായി വിദേശ ഫണ്ട് ഉപയോഗിച്ചും ബാക്കി തദ്ദേശീയ ഫണ്ട് ഉപയോഗിച്ചുമാണ് നിർമ്മിച്ചതെങ്കിൽ പോലും, ആ ആസ്തി പൂർണ്ണമായും അതോറിറ്റിയിൽ നിക്ഷിപ്തമാകും. വർഷങ്ങൾക്ക് മുമ്പ് പടുത്തുയർത്തിയ പല മിഷനറി സ്ഥാപനങ്ങളിലും വിദേശ വിഹിതം എത്രയെന്ന് കൃത്യമായി വേർതിരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, സ്ഥാപനം മുഴുവനായി സർക്കാർ കൈക്കലാക്കാൻ ഈ വകുപ്പ് വഴിയൊരുക്കുന്നു.
മുൻകാല പ്രാബല്യവും വിറ്റഴിക്കാനുള്ള അധികാരവും
പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വീകരിച്ച വിദേശ സഹായത്താൽ നിർമ്മിക്കപ്പെട്ട സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് സെക്ഷൻ 16B വിഭാവനം ചെയ്തിരിക്കുന്നത്. മുമ്പത്തെ നിയമപ്രകാരം സർക്കാരിലേക്ക് വന്ന ആസ്തികൾക്കും ഈ പുതിയ ഭേദഗതി ബാധകമായിരിക്കും. അതായത്, ദശകങ്ങളുടെ സേവന പാരമ്പര്യമുള്ള സഭകളുടെയും സംഘടനകളുടെയും സ്വത്തുക്കളിലേക്ക് ഈ നിയമത്തിന്റെ കരം നീളുമെന്ന് ഉറപ്പാണ്. ഇതിലുപരിയായി, സെക്ഷൻ 16A (6) പ്രകാരം സർക്കാരിലേക്ക് സ്ഥിരമായി വന്നുചേരുന്ന ആസ്തികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാനോ, അല്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാനോ സർക്കാരിന് അധികാരമുണ്ട്. ഇങ്ങനെ ലേലം ചെയ്യുന്ന ആസ്തികൾക്ക് യഥാർത്ഥ ആധാരങ്ങൾ ഇല്ലെങ്കിൽ പോലും, അതോറിറ്റി നൽകുന്ന സെയിൽ സർട്ടിഫിക്കറ്റ് ഉടമസ്ഥാവകാശത്തിന്റെ അന്തിമ രേഖയായി കണക്കാക്കപ്പെടുമെന്ന് സെക്ഷൻ 16D വ്യക്തമാക്കുന്നു. ഇത് സ്ഥാപനങ്ങളുടെ മേലുള്ള നിയമപരമായ അവകാശത്തെ പാടെ റദ്ദാക്കുന്ന ഒന്നാണ്.
ഉദ്യോഗസ്ഥ മേധാവിത്വവും കേന്ദ്രീകൃത അധികാരവും
ഒരു ലൈസൻസ് പ്രതിസന്ധിയിലായാൽ, ആ സ്ഥാപനത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് നേരിട്ടോ അല്ലെങ്കിൽ ഒരു അഡ്മിനിസ്ട്രേറ്ററെ വെച്ചോ ഏറ്റെടുക്കാം. സെക്ഷൻ 16F പ്രകാരം, അത്തരമൊരു സാഹചര്യത്തിൽ സ്ഥാപനത്തിന്റെ കണക്കുപുസ്തകങ്ങൾ, രേഖകൾ, കെട്ടിടങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയെല്ലാം തടസ്സമില്ലാതെ പരിശോധിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. ഈ നടപടികളെ സിവിൽ കോടതിയുടെ ഉത്തരവുകൾ വഴി തടയാനാവില്ല എന്നത് ജനാധിപത്യപരമായ പോരാട്ടങ്ങൾക്ക് വലിയ വിലങ്ങുതടിയാണ്. കൂടാതെ, ഭാരവാഹികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള കുറ്റാരോപണങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന സെക്ഷൻ 43 (2), മുഴുവൻ അധികാരത്തെയും കേന്ദ്രത്തിന്റെ കൈകളിൽ നിക്ഷിപ്തമാക്കുന്നു.
സഭാ സ്ഥാപനങ്ങളും സാമൂഹികപ്രവർത്തനങ്ങളും നേരിടുന്ന ഭീഷണി
രാജ്യം സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടങ്ങളിൽ വിദേശ സഹായത്തോടെ സഭകൾ പടുത്തുയർത്തിയ വിദ്യാലയങ്ങളും ആശുപത്രികളും ഇന്ന് ജനാധിപത്യ വിരുദ്ധമായ ഈ നിയമത്തിന്റെ നിഴലിലാണ്. ഒരു സാങ്കേതിക പിഴവിന്റെ പേരിലോ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളുടെ പേരിലോ ലൈസൻസ് റദ്ദാക്കപ്പെടുമ്പോൾ, തലമുറകളുടെ അധ്വാനവും വിയർപ്പും കൊണ്ട് പൊതുസമൂഹത്തിന് നന്മ ചെയ്യാൻ ഉണ്ടാക്കിയെടുത്ത ഈ സംവിധാനങ്ങൾ ഒരു സുപ്രഭാതത്തിൽ ആരുടെയോ കയ്യിലാകുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് നിരക്കാത്ത ഒന്നാണ്. മതപരിവർത്തനം പോലുള്ള വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാപനങ്ങളെയും വൈദികരെയും സന്യസ്തരെയും വേട്ടയാടുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ നിയമം സഭാ സ്ഥാപനങ്ങളെ വരുതിക്ക് നിർത്താനുള്ള രാഷ്ട്രീയ ആയുധമായി മാറും. സഭാ സ്ഥാപനങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും കൈക്കലാക്കി തങ്ങൾക്കനുകൂലമായ ഏജൻസികൾക്ക് കൈമാറാനുള്ള പഴുതുകൾ ഈ ബില്ലിൽ ഒളിഞ്ഞിരിപ്പുണ്ട്.
നൂറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള സഭയുടെ ആസ്തികൾ കേവലം ഒരു നിയമ നിർമ്മാണം വഴി പ്രതിസന്ധിയിൽ അകപ്പെടുന്നത് ഗൗരവകരമാണ്. ക്രൈസ്തവ സമൂഹവും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും കൃത്യമായ നിയമപോരാട്ടങ്ങൾക്കും പൊതുജനാഭിപ്രായം രൂപീകരിക്കാനും തയ്യാറായില്ലെങ്കിൽ, തലമുറകളായി കാത്തുസൂക്ഷിച്ച പല സ്ഥാപനങ്ങളും നാളെ ഓർമ്മയാകാൻ സാധ്യതയുണ്ട്.
ഫാ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

