
റെയ്ക്യവിക്/ഐസ്ലന്‍ഡ്): പരിധിയില്ലാത്ത വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിന്റെ ധാര്‍മികതയ്ക്ക് മാത്രമല്ല മതസ്വാതന്ത്ര്യത്തിന് പോലും ഭീഷണിയാണെന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ് ഐസ്‌ലന്‍ഡിലെ റെയ്ക്യവിക് രൂപതയുടെ ചാന്‍സലറായ മോണ്‍. ജേക്കബ് റോളണ്ടിന്റെ അനുഭവം. സഭയുടെ ധാര്‍മിക പ്രബോധനങ്ങള്‍ മാധ്യമത്തിലൂടെ ലളിതമായി വിശദീകരിച്ചതിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ ക്രിമിനല്‍ കേസന്വേഷണത്തിന്റെ നിഴലിലാണ്.
കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ഐസ്ലന്‍ഡിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ RÚVക്ക് നല്‍കിയ ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട അഭിമുഖമാണ് വിവാദങ്ങള്‍ക്ക് ആധാരം. സ്വവര്‍ഗാനുരാഗികള്‍ക്ക് കുര്‍ബാന സ്വീകരിക്കാമോ എന്ന ചോദ്യത്തിന്, കത്തോലിക്കാ സഭയുടെ കാലങ്ങളായുള്ള നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്വവര്‍ഗ ആഭിമുഖ്യം അതില്‍ തന്നെ പാപമല്ലെന്നും എന്നാല്‍ വിവാഹത്തിന് പുറത്തുള്ള ലൈംഗിക പ്രവൃത്തികള്‍ പാപമാണെന്നും, അത്തരം പ്രവൃത്തികളിലേര്‍പ്പെട്ടവര്‍ കുമ്പസാരിച്ച് പശ്ചാത്തപിക്കാതെ കുര്‍ബാന സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയ പിന്തുണ തേടി വരുന്ന സ്വവര്‍ഗാഭിമുഖ്യമുള്ളവരെ കൂദാശകളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അനുധാവനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതാണ് അധികാരികളെ ചൊടിപ്പിച്ചത്. ഇത് ഐസ്ലന്‍ഡിലെ ‘കണ്‍വേര്‍ഷന്‍ തെറാപ്പി’ നിരോധന നിയമത്തിന്റെ ലംഘനമാണെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. തന്റെ വിശ്വാസ ബോധ്യങ്ങളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ഭരണകൂടത്തിന്റെയും എല്‍ജിബിടി ഗ്രൂപ്പുകളുടെയും വേട്ടയാടലിന് ഇന്ന് മോണ്‍. ജേക്കബ് റോളണ്ട് ഇരയാവുകയാണ്.
2023-ല്‍ ഐസ്ലന്‍ഡ് പാസാക്കിയ നിയമമനുസരിച്ച് ഒരാളുടെ ലൈംഗിക ആഭിമുഖ്യം നിര്‍ബന്ധപൂര്‍വമോ ഭീഷണിയിലൂടെയോ കബളിപ്പിച്ചോ മാറ്റാന്‍ ശ്രമിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഫാ. ജേക്കബ് പറയുന്നതുപോലെ സഭ നല്‍കുന്ന പിന്തുണ ‘നിര്‍ബന്ധപൂര്‍വം’ എന്ന തലത്തിലല്ലെങ്കിലും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വാദമാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്ന ചില സംഘടനകള്‍ ഉയിര്‍ത്തുന്നത്.
സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ ‘Samtökin ’78’ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഐസ്ലന്‍ഡ് പോലീസ് വൈദികനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കേണ്ടതുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്തിവരുകയാണ്. അതേസമയം ഇത്തരമൊരു വിഷയത്തില്‍ ഒരു വ്യക്തിയെ ഉന്നംവയ്ക്കുന്നത് സമാനതകളില്ലാത്ത നടപടിയാണെന്ന് ഐസ്‌ലന്‍ഡിലെ നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചു.
താന്‍ പറഞ്ഞത് സഭയുടെ പ്രബോധനമാണെന്നും അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഈ വിഷയത്തില്‍ മോണ്‍. ജേക്കബ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സഭയുടെ ആത്മീയ പിന്തുണ തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ അടയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ മോണ്‍സിഞ്ഞോര്‍ സഭ ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും അതിനാല്‍ നിയമനടപടിക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. വിശ്വാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്ന സാഹചര്യം യൂറോപ്പിലെ പല രാജ്യങ്ങളിലും ഉയിര്‍ന്നുവരുന്ന സാഹചര്യത്തില്‍ ദൈവികനിയമങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരില്‍ നിയമനടപടികള്‍ നേരിടാന്‍ മോണ്‍. ജേക്കബ് റോളണ്ട് പ്രകടിപ്പിച്ചിരിക്കുന്ന ധൈര്യം വിശ്വാസികള്‍ക്ക് മാതൃകയായി മാറുകയാണ്

